Kerala
പുതുവൈപ്പ് സമരം രണ്ടാം ഘട്ടത്തിലേക്ക്പുതുവൈപ്പ് സമരം രണ്ടാം ഘട്ടത്തിലേക്ക്
Kerala

പുതുവൈപ്പ് സമരം രണ്ടാം ഘട്ടത്തിലേക്ക്

Sithara
|
4 May 2018 12:36 PM GMT

പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് രണ്ടാം ഘട്ട സമരം ആരംഭിക്കുന്നത്

പുതുവൈപ്പില്‍ ഐഒസി പ്ലാന്‍റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് രണ്ടാം ഘട്ട സമരം ആരംഭിക്കുന്നത്. വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

പൊലീസ് അതിക്രമത്തെ തുടര്‍ന്ന് കോളിളക്കം സൃഷ്ടിച്ച ഒന്നാം ഘട്ട സമരത്തിന് ശേഷം ചുവട് വൈപ്പിന്‍ എന്ന പേരില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തോടെയാണ് രണ്ടാം ഘട്ട സമരത്തിന് തുടക്കമാവുന്നത്. ജനവാസ മേഖലയില്‍ 15450 ടണ്‍ സംഭരണ ശേഷിയുള്ള വാതക പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരത്തില്‍ ഉറച്ച് നില്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം. വിദഗ്ധ സമിതിയെ നിയോഗിച്ച ശേഷവും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സമിതിയെ തന്നെ അപ്രസക്തമാക്കുന്നതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ചുവട് വൈപ്പിന്‍ എന്ന പേരില്‍ നഗരത്തിലേക്ക് നടത്താനിരുന്ന പദയാത്രക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന സമര സംഗമത്തില്‍ കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ നേതാക്കള്‍ പങ്കെടുക്കും.

Similar Posts