'തോമസ് ചാണ്ടി മന്ത്രിയായി തുടരാന്‍ അയോഗ്യന്‍; ഹരജി നിലനില്‍ക്കില്ല' ഹൈക്കോടതി
|ചീഫ് സെക്രട്ടറി ഫയൽ ചെയ്യേണ്ട ഹരജി എങ്ങനെ മന്ത്രി ഫയല്‍ ചെയ്യുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിർ കക്ഷിയാക്കിയാണ്..
മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. തോമസ് ചാണ്ടി മന്ത്രിയായി തുടരാന്‍ അയോഗ്യനെന്ന് കോടതി. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണം. മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാതെയാണ് കലക്ടര്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ഹരജി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കലക്ടറുടെ മുന്നിൽ പോയി കാര്യങ്ങൾ ബോധിപ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
ചീഫ് സെക്രട്ടറി ഫയൽ ചെയ്യേണ്ട ഹരജി എങ്ങനെ മന്ത്രി ഫയല്‍ ചെയ്യുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിർ കക്ഷിയാക്കിയാണ് മന്ത്രിയുടെ പരാതി. ഇത്തരമൊരു പരാതി മന്ത്രി ഫയൽ ചെയ്യുന്നത് അത്യപൂർവ്വ സംഭവമാണെന്നും, ഭരണ സംവിധാനങ്ങളെ എങ്ങനെയാണ് മന്ത്രി ചോദ്യം ചെയ്യുകയെന്നും കോടതി ചോദിച്ചു.
എന്നാല്‍ സർക്കാരിനെതിരെ മമതാ ബാനർജി കേസ് നൽകിയിട്ടുണ്ടന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് എംപി വിവേക് തൻഖ വാദിച്ചു. അതേസമയം, വാട്ടർ വേൾഡ് കമ്പനിയുടെ ഉടമസ്ഥൻ തോമസ് ചാണ്ടി തന്നെ ആണോയെന്ന് ചോദിച്ച കോടതി, വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആകുമോയെന്നും വിമര്‍ശിച്ചു. ഹർജിയിൽ ലേക് പാലസിന്റെ ഉടമസ്ഥരായവർ തന്നെയാണ് വാട്ടർ വേൾഡ് കമ്പനിയുടെ ഡയറക്ടർമാർ.
കേസില്‍ തോമസ് ചാണ്ടിയെ ന്യായീകരിച്ചതിന് സർക്കാരിനെയും കോടതി വിമർശിച്ചു. ആരോപണം മന്ത്രി ആകുന്നതിന് മുമ്പാണെന്നും
നിങ്ങളിപ്പോ പൊതുജനത്തിന്റെ വിചാരണ നേരിടുകയാണെന്നും കോടതി സര്‍ക്കാറിനോട് പറഞ്ഞു. നിങ്ങളെ കോടതി സംരക്ഷിക്കണമെന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതി, കോടതിയുടെ ഇടക്കാല ഉത്തരവ് ഇതുവരെയും മന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്നും പറഞ്ഞു.
മാര്‍ത്തണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായെന്നാണ് നിയമ വൃത്തങ്ങളുടെയും വിലയിരുത്തല്‍. അന്വേഷണത്തിന് സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാരില്‍ സമര്‍പിച്ച റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുകയും തുടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്താല്‍ തോമസ് ചാണ്ടിക്ക് റിപോര്‍ട്ട് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാം. എന്നാല്‍ റിപോര്‍ട്ട് സമര്‍പിച്ച പ്രാരംഭ ദിശയില്‍ തന്നെ ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ നടപടിയാണെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രിക്ക് കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാം. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗമായ തോമസ് ചാണ്ടി സ്വന്തം നിലക്കാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള മറ്റു മൂന്ന് ഹരജികളും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വരും.