Kerala
കെഎസ്ആര്‍ടിസി പെന്‍ഷന്‍: സര്‍ക്കാര്‍ നല്‍കിവന്ന പകുതി വിഹിതം ഇല്ലാതായികെഎസ്ആര്‍ടിസി പെന്‍ഷന്‍: സര്‍ക്കാര്‍ നല്‍കിവന്ന പകുതി വിഹിതം ഇല്ലാതായി
Kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍: സര്‍ക്കാര്‍ നല്‍കിവന്ന പകുതി വിഹിതം ഇല്ലാതായി

Khasida
|
4 May 2018 6:40 AM GMT

ആറ് മാസത്തിനുള്ളില്‍ സ്വന്തം നിലയില്‍ പെന്‍ഷന്‍ നല്‍കാന്‍ കെഎസ്ആര്‍ടി സി പര്യാപ്തമാകണമെങ്കില്‍ അത്ഭുതം സംഭവിക്കണം

കെ.എസ്​.ആർ.ടി.സിയിൽ പെൻഷൻ വിതരണത്തിന് താത്‍കാലിക ക്രമീകരണമൊരുക്കിയതിന്റെ മറവില്‍ 50ശതമാനം സർക്കാർ പങ്കാളിത്തമെന്ന വ്യവസ്ഥ ഇല്ലാതാക്കുന്നു. പെന്‍ഷന് വേണ്ടി മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ കൊടുത്തുവന്ന പകുതി വിഹിതത്തിന് ഇത്തവണ തുക നീക്കിവെച്ചില്ല. കുടിശ്ശികക്ക് പുറമെ പെന്‍ഷന്‍ വിതരണത്തിന് നിലവില്‍ പ്രഖ്യാപിച്ചത് വെറും ആറ് മാസത്തേക്കുള്ള പദ്ധതികളും.

5 മാസത്തെ കുടിശ്ശിക കൂടാതെ ജൂലൈ വരെയുള്ള പെന്‍ഷന്‍ വിതരണത്തിനാണ് സഹകരണ ബാങ്കുകള്‍ വഴി സര്‍ക്കാര്‍ പണം കണ്ടെത്തുക. ഇതിനായി ആകെ വേണ്ടത് 605 കോടി. ഈ വായ്പ വീട്ടുന്നതോ ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയില്‍ നിന്നും. ആറ് മാസം കഴിയുമ്പോള്‍ വീണ്ടും അനിശ്ചിതത്വം.

നേരത്തെ പെന്‍ഷന്‍ തുകയുടെ പാതിവിഹിതം സര്‍ക്കാര്‍ ഗ്രാന്റായി നല്‍കി വന്നിരുന്നു. യുഡിഎഫ്​ സർക്കാറിന്റെ കാലത്ത്​ പെൻഷൻ വിതരണം അവതാളത്തിലായി പ്രതിഷേധം ശക്​തമായ സാഹചര്യത്തിൽ 2014 ഡിസംബറിലാണ് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. 2016-17 ബജറ്റിലും 1000 കോടി ബജറ്റ് വിഹിതത്തിന് പുറമെ ഈ ഗ്രാന്റും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ ഗ്രാന്റിനെക്കുറിച്ച് മിണ്ടാട്ടമില്ല.

നിലവിലെ സ്ഥിതിയില്‍ 30 കോടി രൂപയായാണ് ഇങ്ങനെ മാസം തോറും കെഎസ്ആര്‍ടിസിക്ക് നല്‍കിവന്നിരുന്നത്. ഈ പണം കൂടി വകമാറ്റിയാണ് ശമ്പളം നല്‍കിയിരുന്നത് എന്നത് വേറെ കാര്യം. പുതിയ ക്രമീകരണത്തിന്റെ മറവില്‍ ഈ വിഹിതം നിര്‍ത്തലാക്കുന്നതോടെ കെഎസ്ആര്‍ടിസി ക്ക് ഇരുട്ടടിയേറ്റ പോലെയാവും. ഡ്യൂട്ടിയും സർവീസുകളും പുനഃക്രമീകരിച്ചുള്ള പുനരുദ്ധാരണ നടപടികൾ നടപ്പിലാക്കിയിട്ടും പ്രതിമാസം നൂറു​കോടിയുടെ നഷ്ടം കുറക്കാനാകാത്ത കെഎസ്ആര്‍ടി സി ആറ് മാസത്തിനുള്ളില്‍ സ്വന്തം നിലയില്‍ പെന്‍ഷന്‍ നല്‍കാന്‍ പര്യാപ്തമാകണമെങ്കില്‍ അത്ഭുതം സംഭവിക്കണം.

Related Tags :
Similar Posts