ബിഡിജെഎസ് നേതാവ് സിപിഎം ഓഫീസില്‍ മരിച്ച നിലയില്‍
|ബിഡിജെഎസ് പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം സി വേണുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
എറണാകുളം മൂത്തകുന്നത്ത് ബിഡിജെഎസ് നേതാവിനെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഡിജെഎസ് പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം സി വേണുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മുന്‍പ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 6.30നാണ് എം സി വേണുവിനെ സിപിഎം മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന റീഡിങ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വേണു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പാര്‍ട്ടിയില്‍ നിന്നകന്നത്. വേണു മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സിപിഎം പ്രാദേശിക നേതൃത്വം സീറ്റ് നല്‍കിയില്ല. തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വേണു നിയമസഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ ബിഡിജെഎസില്‍ ചേരുകയായിരുന്നു. നേരത്തെ തനിക്ക് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുള്ളതായി വേണു പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വേണുവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് മണ്ഡലത്തിലെ ബിഡിജെഎസ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ വേണുവിന്റെ മരണത്തില്‍ പങ്കില്ലെന്നും ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് പറവൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സഖ്യം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.