Kerala
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചുശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Jaisy
|
6 May 2018 12:20 AM GMT

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. ആളുമാറിയാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വരാപ്പുഴ കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്നത്. എ ഡി ജി പി അനിൽ കാന്തിനാണ് മേൽനോട്ട ചുമതല. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഇന്ന് കൊച്ചിയിലെത്തി കേസ് രേഖകള്‍ കൈപ്പറ്റും. അതേസമയം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയാണോയെന്ന് പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയതായി ഡിജിപി ബെഹ്റ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കം കിട്ടിയ ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. മരിച്ച ശ്രീജിത് പ്രതിയായിരുന്ന വീടാക്രമണക്കേസും പ്രത്യേക സംഘം പരിശോധിക്കും. വരാപ്പുഴ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും‍. നിലവില്‍ ശ്രീജിതിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാര്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിലടക്കം വീഴ്ച വരുത്തിയെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. കസ്റ്റഡി മരണത്തിനെതിരെ സംസ്ഥാനവ്യാപകമായി ബിജെപി ഇന്ന് പ്രതിഷേധദിനമാചരിക്കുകയാണ്.

Similar Posts