ബിവറേജ് കോര്‍പറേഷന്റെ മാനന്തവാടിയിലെ ചില്ലറ വില്പനശാല പൂട്ടി
|വയനാട്ടില്‍ ഒരു ആദിവാസി സമരം കൂടി വിജയം കണ്ടു
വയനാട്ടില്‍ ഒരു ആദിവാസി സമരം കൂടി വിജയം കണ്ടു. ഇക്കുറി പൂട്ടു വീണത്, ബിവറേജ് കോര്‍പറേഷന്റെ മാനന്തവാടിയിലെ ചില്ലറ വില്പനശാലയ്ക്ക്. 200 ദിവസം നീണ്ട സമരമാണ് വിജയകരമായി അവസാനിപ്പിച്ചത്. ജനകീയ സമരങ്ങള്‍ കാരണം വയനാട്ടില്‍ പൂട്ടുന്ന നാലാമത്തെ ഔട്ട് ലെറ്റാണിത്.
മാനന്തവാടിയ്ക്കടുത്ത നാല്പതോളം കോളനികളില്‍ മദ്യം വില്ലനായതോടെയാണ് ആദിവാസി സ്ത്രീകള്‍ ഔട്ട് ലെറ്റിനു മുന്പില് ധര്‍ണാ സമരം ആരംഭിച്ചത്. വില്പന ശാല അടയ്ക്കുന്നതു വരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ 200 ദിവസങ്ങള്‍ സ്ത്രീകള്‍ സമരവും നടത്തി. അതിനിടെ പല തവണ അറസ്റ്റും നടന്നു. എന്നാല്‍ പിന്മാറിയില്ല. ഒടുവില്‍ വില്പന ശാല പൂട്ടിക്കൊണ്ട് കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ഉത്തരവിറക്കി.
ആദിവാസി സംരക്ഷണ നിയമത്തിലെ നിരവധി നിയമങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലക്ടര്‍ ഉത്തരവിട്ടത്. വില്പന ശാലയുടെ പരിസരത്ത് ഏഴു ദിവസത്തേയ്ക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ പിന്നീട്, മദ്യവിരുദ്ധ സമിതി, മദ്യവിരുദ്ധ ജനകീയ സമിതി, മദ്യ നിരോധന സമിതി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങി നിരവധി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.