വയനാട്ടില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്
|ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
വയനാട്ടില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 27 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കല്‍പറ്റ മാനന്തവാടി റോഡില്‍ മടക്കിമലയില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ അഭിഷേക്, റബീഷ് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിയന്ത്രണം വിട്ട ബസ് റോഡിലെ വൈദ്യുത പോസ്റ്റ് തകര്‍ത്ത്, റോഡിനു കുറുകെ മറിയുകയായിരുന്നു.
കോഴിക്കോടു നിന്നും ബംഗളൂരുവിലേയ്ക്ക് സര്‍വീസ് നടത്തിയ സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പൊലിസും ഫയര്‍ ഫോഴ്സും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ എല്ലാവരുടെയും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. ബസ് അപകടത്തില്‍പ്പെട്ടതിനാല്‍ ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന്, ക്രെയിന്‍ കൊണ്ടുവന്ന് ബസ് ഉയര്‍ത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.