കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക്
|കൊച്ചി മെട്രോയുടെ ആലുവ മുതല്‍ കലൂര്‍ വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ എല്‍ ആന്റ് ടിയും കലൂര്‍ മുതല്‍ എറണാകുളം സൌത്ത് വരെയും സോമയുമാണ് കരാറെടുത്തിരിക്കുന്നത്.
കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക്. മഹാരാജാസ് മുതല്‍ എറണാകുളം സൌത്ത് വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള റീ ടെണ്ടറില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കരാറുകാര്‍ തീരുമാനിച്ചു. ഭീമമായ നഷ്ടം ഉണ്ടാക്കുന്നതിനാല്‍ കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് കരാറുകാരുടെ നിലപാട്.
കൊച്ചി മെട്രോയുടെ ആലുവ മുതല്‍ കലൂര്‍ വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ എല്‍ ആന്റ് ടിയും കലൂര്‍ മുതല്‍ എറണാകുളം സൌത്ത് വരെയും സോമയുമാണ് കരാറെടുത്തിരിക്കുന്നത്. കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിന് എല്‍ ആന്‍ഡ് ടിയില്‍ നിന്നും 20 ലക്ഷവും സോമയില്‍ നിന്ന് 14 ലക്ഷവുമാണ് പ്രതിദിനം ഡിഎം ആര്‍ സി പിഴ ഈടാക്കുന്നത്.
ഈ ഇനത്തില്‍ എല്‍ ആന്‍ഡ് ടിക്ക് 100 കോടി രൂപയും സോമയ്ക്ക് 30 കോടി രൂപയും ഇതിനോടകം നഷ്ടം സംഭവിച്ചിട്ടുണ്ട്. 24 മണിക്കൂറും നിര്‍മാണം നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും വലിയ യന്ത്ര സാമഗ്രികള്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ. ഇതോടൊപ്പം സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ വൈകുന്നതും ഡിഎം ആര്‍സിയുടെ വീഴ്ചയായി കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാജാസ് മുതല്‍ സൌത്ത് വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 439 കോടി രൂപയ്ക്ക് സോമയാണ് ഏറ്റെടുത്തത്. പുതിയ സാഹചര്യത്തില്‍ നിരക്ക് കൂട്ടിതരണമെന്നാണ് സോമയുടെ വാദം. നിരക്ക് കൂട്ടി നല്‍കാതെ നിര്‍മാണം തുടരാനാവില്ലെന്ന് സോമ അറിയിച്ചതോടെയാണ് റീ ടെണ്ടര്‍ ചെയ്യാന്‍ ഡിഎം ആര്‍ സി തീരുമാനിച്ചത്. എന്നാല്‍ റീ ടെണ്ടറില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് സോമയുടെ തീരുമാനം. മറ്റ് കമ്പനികളും നിസ്സഹകരണം അറിയിച്ചതോടെ മെട്രോ നിര്‍മാണം പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ്.