റബ്ബര്‍ വില കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍
|കഴിഞ്ഞ 20 ദിവസത്തിനുളളില്‍ 19 രൂപയുടെ കുറവാണ് റബ്ബര്‍ വിപണിയിലുണ്ടായത്.
നാണ്യവിളകളുടെ വിലത്തകര്‍ച്ചക്കും കൃഷിനാശത്തിനും പിന്നാലെ റബ്ബര്‍ വിലയും കൂപ്പുകുത്തിയതോടെ മലയോര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. മഴക്കാലം ആരംഭിച്ചപ്പോള്‍ ഉണര്‍വ്വ് കാട്ടിയ റബ്ബര്‍ വിപണി സീസണ്‍ ആരംഭിച്ചതോടെ വീണ്ടും താഴേക്ക് പോവുകയായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനുളളില്‍ 19 രൂപയുടെ കുറവാണ് റബ്ബര്‍ വിപണിയിലുണ്ടായത്.
റബ്ബര്‍ വിപണി കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി മുന്നേറുകയായിരുന്നു. ആഗസ്റ്റ് ആദ്യവാരം 145ലെത്തിയ റബ്ബര്‍ വില പൊടുന്നനെ കൂപ്പുകുത്തി. ഇന്നലെ ആര്‍എസ്ഫോര്‍ ഇനം റബ്ബറിന് കണ്ണൂര്‍ മാര്‍ക്കറ്റില്‍ വില 126 രൂപയാണ്. അതായത് 20 ദിവസത്തിനുളളില്‍ റബ്ബര്‍ വിലയിലുണ്ടായത് 19 രൂപയുടെ കുറവ്. മഴ കുറഞ്ഞ് കര്‍ഷകര്‍ ടാപ്പിങ്ങ് പുനരാരംഭിച്ചതോടെയാണ് വിപണി മലക്കം മറിഞ്ഞത്. റബ്ബര്‍ വിപണിയിലുണ്ടായ തളര്‍ച്ച റബ്ബര്‍ പാലിന്റെയും ഒട്ടുപാലിന്റെ്യും വിലയെയും ബാധിച്ചിട്ടുണ്ട്. നാളികേരമടക്കമുളളവയുടെ വിലത്തകര്‍ച്ചയും കവുങ്ങ്, കുരുമുളക് മുതലായവയുടെ രോഗബാധയും മൂലം നട്ടം തിരിഞ്ഞ കര്‍ഷകര്‍ക്ക് റബ്ബര്‍ വിപണിയിലുണ്ടായ തകര്‍ച്ച കനത്ത ആഘാതമായി.
ഒരു കിലോ റബ്ബറിന് ശരാശരി 150 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ മുന്നോട്ട് പോകാനാവൂ എന്നും കര്‍ഷകര്‍ പറയുന്നു. റബ്ബര്‍ വിപണിയിലെത്തിയതോടെ പ്രമുഖ ടയര്‍ കമ്പനികള്‍ കൂട്ടത്തോടെ പിന്മാറിയതും ഇറക്കുമതി വര്‍ധിപ്പിച്ചതുമാണ് വിലയിടിവിനുളള കാരണമായി പറയുന്നത്. എന്തായാലും റബ്ബര്‍ കൂടി കൈവിട്ടതോടെ മലയോരത്തെ സാധാരണ കര്‍ഷകര്‍ക്ക് ഈ ഓണത്തിനും കഞ്ഞി കുമ്പിളില്‍ തന്നെയാകുമെന്ന് ഉറപ്പ്.