നാടന്‍പാട്ടിന്റെ താളവുമായി മുക്കൂറ്റി
|കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്യാമ്പസുകളില്‍നിന്നും വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്
വ്യത്യസ്താനുഭവമായി നാടന്‍ പാട്ടുകളുടെ അഖിലകേരള മല്‍സരമൊരുക്കി എംജി സര്‍വ്വകലാശാല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്യാമ്പസുകളില്‍നിന്നും വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. മല്‍സരം ഇന്ന് സമാപിക്കും.
മലയാളക്കരയാകെ പാടി പതിഞ്ഞ നാടന്‍ പാട്ടുകള്‍ എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ മുറ്റത്ത് മുഴങ്ങിക്കേട്ടു. ഓണക്കാലത്ത് അത് ഓരു മല്‍സരമായപ്പോള്‍ മുക്കൂറ്റിയെന്ന പേരാണ് സംഘാടകര്‍ അതിനു നല്‍കിയത്. തുടിതാളം കൊട്ടി പാടാനെത്തിയവര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള യുവ ഹൃദയങ്ങള്‍. അവര്‍ക്ക് പിന്തുണയുമായി കേരളത്തിലെ പ്രമുഖ നാടന്‍ പാട്ട് കലാകാരന്‍മാരും ഒത്തുചേര്‍ന്നു.
വെറുതെ പാട്ടു പാടുകയായിരുന്നില്ല അവര്‍. ഏതു നാട്ടില്‍നിന്ന് ഏതു സന്ദര്‍ഭത്തില്‍ ആ പാട്ട് പിറന്നുവെന്ന് അറിഞ്ഞു പാടിയപ്പോള്‍ കൊന്നമരച്ചോട്ടില്‍ കേട്ടിരുന്നവര്‍ക്ക് അതൊരു പുത്തന്‍ അനുഭവവുമായി. പാടിപ്പോയോര്‍ക്കും കേട്ടിരുന്നോര്‍ക്കും നാട്ടറിവുകളുടെ ശേഖരണവും അറിവുമായപ്പോള്‍ മുക്കൂറ്റി ലക്ഷ്യത്തിലെത്തി.