വിഎസിന് ഓഫീസ്: ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായേക്കും
|വിഎസിന്‍റെ ഔദ്യോഗിക വസതിയുടെ കാര്യത്തിലും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ഭരണപരിഷ്കരണ കമ്മീഷന് ഓഫീസ് അനുവദിക്കുന്നത് ഉള്‍പ്പെടെയുളള കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ ഐഎംജിയില്‍ കമ്മീഷന് ഓഫീസ് അനുവദിച്ചെങ്കിലും വി എസ് അച്യുതാനന്ദന്‍ അതൃപ്തി അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചതാണ് വിഎസിന്‍റെ അതൃപ്തിക്കിടയാക്കിയത്. വിഎസിന്‍റെ ഔദ്യോഗിക വസതിയുടെ കാര്യത്തിലും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ഭരണപരിഷ്‌കരണ കമ്മീഷനെ നിയമിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിലെ അതൃപ്തി കഴിഞ്ഞ ദിവസം വിഎസ് ചീഫ് സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചു. ഓഫീസിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ സെക്രട്ടറിയേറ്റിന് അകത്തായിരിക്കുമെന്നും ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് ആയിരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നതായി വിഎസ് കത്തില്‍ പറയുന്നു. എന്നാല്‍ ഉറപ്പ് നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചത് അവഹേളനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കമ്മിഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയിലും വിഎസ് എതിര്‍പ്പ് അറിയിച്ചു.