Kerala
സൌമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോ? സുപ്രീംകോടതിസൌമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോ? സുപ്രീംകോടതി
Kerala

സൌമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോ? സുപ്രീംകോടതി

Sithara
|
7 May 2018 10:41 AM GMT

ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും സുപ്രീംകോടതി

സൌമ്യയെ ഗോവിന്ദച്ചാമിയാണ് കൊന്നത് എന്ന് ബോധ്യപ്പെടുത്താനാകണമെന്ന് സുപ്രീം കോടതി. ഗോവിന്ദച്ചാമി സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു എന്നതിന് തെളിവുണ്ടോയെന്നും സുപ്രീം കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. സൌമ്യ വധക്കേസിലെ വധശിക്ഷാ വിധി ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍. കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചു

ഗോവിന്ദച്ചാമിയുടെ ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീകോടതി പ്രോസിക്യൂഷനോട് നിര്‍‌ണായ ചോദ്യങ്ങള്‍ ചോദിച്ചത്. സൌമ്യ മാനഭംഗത്തിന് ഇരയായെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ സ‌ൌമ്യയെ ഗോവിന്ദച്ചാമിയാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് എന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു.

മാനഭംഗമായിരുന്നു ഗോവിന്ദച്ചാമിയുടെ ഉദ്ദേശ്യമെന്നും അതുകൊണ്ടാണ് ഗോവിന്ദച്ചാമിയും സൌമ്യക്ക് പിന്നാലെ ട്രെയിനില്‍ നിന്നും ചാടിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ സൌമ്യയെ ഗോവിന്ദച്ചാമി തള്ളിയിട്ടു എന്ന് ഊഹിക്കാമല്ലോ എന്നും സര്‍ക്കാര്‍ അഭിഭാഷകനായ തോമസ് പി ജോസഫ് പറഞ്ഞു.

ഊഹാപോഹങ്ങള്‍‌ പറയരുത് എന്നായിരുന്നു ജസ്റ്റിസ് രംജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് ഇതിന് നല്‍കിയ മറുപടി. സൌമ്യ ട്രെയിനില്‍ നിന്നും സ്വയം ചാടുകയായിരുന്നുവെന്ന് ഗോവിന്ദച്ചാമിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി എ ആളൂര്‍‌ വാദിച്ചു. അന്തിമ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റി വച്ചു.

സൌമ്യ വധക്കേസില്‍ കീഴ്ക്കോടതി വിധിച്ച വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ തുടര്‍വാദം കേള്‍ക്കവേയാണ് കോടതിയുടെ ചോദ്യം. കീഴ്കോടതി വിധി റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസില്‍ തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.

എറണാകുളം - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലില്‍ നിന്ന് തള്ളി പുറത്തേക്കിട്ട് സൌമ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരി 1നാണ് സംഭവം നടന്നത്.

സൌമ്യ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായെന്ന് വി എം സുധീരന്‍

സൌമ്യ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കോടതിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഇപ്പോഴത്തെ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.

Related Tags :
Similar Posts