Kerala
വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പൊലീസ് അന്ധവിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതിവിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പൊലീസ് അന്ധവിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി
Kerala

വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പൊലീസ് അന്ധവിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി

Jaisy
|
7 May 2018 7:05 AM GMT

കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം

വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പൊലീസ് അന്ധവിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഫാറൂഖ് കോളജിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഉള്‍പ്പെടാത്ത അന്ധവിദ്യാര്‍ഥിയെ പൊലീസ് ലാത്തി കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അന്‍സാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാറൂഖ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ് എഫ് - എസ്എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. വിദ്യാര്‍ഥികളെ നേരിടാന്‍ പുറത്തുനിന്ന് യൂത്ത് ലീഗ് - ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ കോളജ് അധികൃതകര്‍ പൊലീസിന്റെ സഹായം തേടി. ക്യാമ്പസില്‍ കടന്ന പൊലീസ് വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ ലാത്തി വീശി. ഇതേസമയം അന്‍സാറും സുഹൃത്തും ഹോസ്റ്റലിനു സമീപം നില്‍ക്കുകയായിരുന്നു. സംഘര്‍ഷവുമായി ബന്ധമില്ലാതിരുന്നിട്ടും പൊലീസ് തന്നെയും സുഹൃത്തിനെയും മര്‍ദ്ദിച്ചുവെന്ന് അന്‍സാര്‍ പറഞ്ഞു.

പരിക്കേറ്റ അന്‍സാറിനെ പൊലീസ് തന്നെയാണ് ഫറോക്കിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഫറോക്ക് പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സംസ്ഥാന വികലാംഗ കമ്മീഷനും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.

Similar Posts