കണ്ണൂരില്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ ആദിവാസികള്‍ക്ക് കൈമാറിയില്ല; ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളം
|ഭവന രഹിതരായ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി കണ്ണൂര്‍ മരക്കാര്‍ക്കണ്ടിയില്‍ നിര്‍മിച്ച ഫ്ലാറ്റ്, പണി പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറിയില്ല.
ഭവന രഹിതരായ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി കണ്ണൂര്‍ മരക്കാര്‍ക്കണ്ടിയില്‍ നിര്‍മിച്ച ഫ്ലാറ്റ്, പണി പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറിയില്ല. മൂന്ന് കോടി രൂപ മുതല്‍ മുടക്കി കണ്ണൂര്‍ നഗരസഭ നിര്‍മിച്ച 56 ഫ്ലാറ്റുകളാണ് കാടുകയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പാണ് ഭവനരഹിതരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി മരക്കാര്‍ക്കണ്ടിയില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് നഗരസഭ ഫ്ലാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. 2015ല്‍ ഏഴ് ബ്ലോക്കുകളിലായി 56 ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്വന്തമായി വീടില്ലാത്തവരും ഭവന നിര്‍മാണത്തിനായി സര്‍ക്കാരില്‍ നിന്ന് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടില്ലാത്തവരുമായ 40 പേരെ ജില്ലാ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ നഗരസഭ കണ്ടെത്തുകയും ചെയ്തു. ഇവര്‍ക്കുളള ടോക്കണ്‍ 2015 മെയ് 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഫ്ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ല. ഫ്ലാറ്റും സമീപ പ്രദേശവും കാട് പിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. മിക്ക ഫ്ലാറ്റുകളുടെയും ജനല്‍ച്ചില്ലുകളും മറ്റ് ഫര്‍ണീച്ചറുകളും അടിച്ച് തകര്‍ക്കപ്പെട്ട നിലയിലാണ്. നഗരസഭ കോര്‍പ്പറേഷനായി മാറിയപ്പോള്‍ പുതിയതായി അഞ്ച് പഞ്ചായത്തുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പഞ്ചായത്തിലുളള ഗുണഭോക്താക്കളെക്കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ പട്ടികയുണ്ടാക്കണമെന്ന ചിലരുടെ പിടിവാശിയാണ് ഫ്ലാറ്റ് കൈമാറുന്നത് വൈകാന്‍ കാരണമെന്നാണ് സൂചന.