പാചകവാതക വിതരണം പ്രതിസന്ധിയിലാക്കി ഉദയപേരൂര്‍ പ്ലാന്റില്‍ കരാര്‍ തൊഴിലാളികളുടെ നിസ്സഹകരണ സമരം
|ഇന്നലെ ആരംഭിച്ച സമരത്തെ തുടര്‍ന്ന് പാചക വാതക വിതരണം ഭാഗീകമായി തടസ്സപ്പെട്ടു
പാചകവാതക വിതരണം പ്രതിസന്ധിയിലാക്കി കൊച്ചി ഉദയംപേരൂര്‍ ഐഓസി ബോട്ടിലിംഗ് പ്ലാന്റില്‍ വീണ്ടും കരാര്‍ തൊഴിലാളികളുടെ നിസ്സഹകരണ സമരം. ഇന്നലെ ആരംഭിച്ച സമരത്തെ തുടര്‍ന്ന് പാചക വാതക വിതരണം ഭാഗീകമായി തടസ്സപ്പെട്ടു. അടിക്കടിയുള്ള സമരത്തെ തുടര്‍ന്ന് വിവിധ ഏജന്‍സികളില്‍ 6 ലക്ഷത്തോളം സിലിണ്ടറുകളുടെ കുറവുണ്ടെന്നിരിക്കെയാണ് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
വേതന വര്‍ദ്ധനവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ലോഡിംഗ്- ഹൌസ് കീപ്പിംഗ് വിഭാഗത്തിലെ തൊഴിലാളികള്‍ ഫെബ്രുവരി ആദ്യവാരം സമരം ആരംഭിച്ചത്. പ്രശ്നത്തില്‍ ഇടപെട്ട ജില്ലാ കലക്ടര്‍ 15 ദിവസത്തിനകം പ്രശ്ന പരിഹാരം ഉണ്ടാക്കാം എന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. ലോഡിംഗ് വിഭാഗത്തിലെ വേതനം സംബന്ധിച്ച് ധാരണയായെങ്കിലും ഹൌസ് കീപ്പിംഗ് വിഭാഗത്തില്‍ ഇത് ഉണ്ടായില്ല. ഹൌസ് കീപ്പിംഗ് തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ തൊഴില്‍ മുടക്കിയതിനാല്‍ 80 ലോഡ് സിലിണ്ടര്‍ മാത്രമാണ് വിതരണത്തിന് എത്തിയത്. വരും ദിവസങ്ങളില്‍ സമരം തുടരുന്നത് നിലവിലെ പാചക വാതക ദൌര്‍ലഭ്യം രൂക്ഷമാക്കും.
വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നിസ്സഹകരണ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്നിലധികം തവണ ഉദയം പേരൂര്‍ പ്ലാന്റില്‍ നിന്നുള്ള പാചക വാതക സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടിരുന്നു. പ്രതിദിനം 160 ഓളം ലോഡ് സിലിണ്ടറുകള്‍ ഏജന്‍സികള്‍ക്ക് നല്‍കാനുള്ള ശേഷി ഉദയംപേരൂര്‍ പ്ലാന്റിന് ഉണ്ടെന്നിരിക്കെ പലദിവസങ്ങളിലും വിതരണം ഏതാണ്ട് പൂര്‍ണമായി മുടങ്ങി. പ്രശ്ന പരിഹാരത്തിന് ജില്ലാ ഭരണകൂടവും ഐഒസി അധികൃതരും യഥാസമയം ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.