ലോ അക്കാദമി: ചര്‍ച്ച പരാജയം, മന്ത്രി ഇറങ്ങിപ്പോകാനൊരുങ്ങി
|മാനേജ്മെന്‍റ് പറയുന്നത് മന്ത്രി ഏറ്റുപറയുന്നുവെന്ന് വിദ്യാര്‍ഥികള്‍
ലോ അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. മാനേജ്മെന്‍റ് പറയുന്നത് വിദ്യാഭ്യാസ മന്ത്രി ഏറ്റുപറയുന്നുവെന്ന് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ ഇരിക്കെ മന്ത്രി ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. അഞ്ച് വര്‍ഷം ലക്ഷമിനായര്‍ മാറിനില്‍ക്കാമെന്ന നിലപാട് അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇതംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല. അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാനാകില്ലെന്ന നിലപാടാണ് വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിച്ചത്. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് മന്ത്രി ഇറങ്ങിപ്പോകാനൊരുങ്ങി.
അതേസമയം ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലെന്നും അവസാനം വരെ ഇരുന്നിട്ടുണ്ടെന്നും മന്ത്രി സി രവീന്ദ്രനാഥ് അവകാശപ്പെട്ടു. പ്രിന്‍സിപ്പലിന്‍റെ രാജി എന്ന ഒറ്റ ആവശ്യത്തിലായിരുന്നു വിദ്യാര്‍ഥികള്‍. പ്രിന്‍സിപ്പലിന്‍റെ കാര്യം മാനേജ്മെന്‍റാണ് തീരുമാനിക്കേണ്ടത്. പ്രിന്‍സിപ്പല്‍ മാറിനില്‍ക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. ഇതംഗീകരിക്കണമെന്നാണ് താന്‍ നിര്‍ദേശിച്ചത്. സ്വകാര്യ കോളജില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
മാനേജ്മെന്‍റ് വിട്ടുവീഴ്ച ചെയ്യണമെന്ന് ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള ആവശ്യപ്പെട്ടു. ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പ്രധാന ഘടക കക്ഷിയായ സിപിഐ കൂടി ഇടപെട്ടതോടെയാണ് വിദ്യാഭ്യാസ മന്ത്രി രണ്ടാം ഘട്ട ചർച്ചക്ക് തയ്യാറായത്. സമരം നീട്ടികൊണ്ട് പോകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, പന്ന്യൻ രവീന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ആവശ്യപ്പെട്ടു. ലോ അക്കാദമി സമരം നീണ്ട് പോകുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ലക്ഷ്മി നായർ രാജിവെച്ചതിന് രേഖാമൂലം ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ച് കെ മുരളീധരനും, ബിജെപി നേതാവ് വിവി രാജേഷും നടത്തുന്ന നിരാഹാരവും തുടരുകയാണ്.
ലോ അക്കാദമി സമരം ഒത്ത് തീര്‍പ്പാക്കാന്‍ ജില്ല ഭരണകൂടം ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല, വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം എന്നതായിരുന്നു എസ് എഫ് ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. ചര്‍ച്ചക്ക് ശേഷമായിരിക്കും തുടര്‍സമരപരിപാടികളെ കുറിച്ച് ഇടതുവിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ തീരുമാനമെടുക്കുക. സമരത്തിനെ അനുകൂലിച്ച് വിഎസ് കൂടി രംഗത്ത് വന്നതോടെ എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് മാനേജ്മെന്റും.