സോളാര്‍ കേസ്; അന്വേഷണത്തിന്റെ ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും
|ഉത്തരവ് പുറത്തിറങ്ങുന്നതിന് പിന്നാലെ പ്രത്യേക വിജിലന്‍സ് സംഘത്തേയും തീരുമാനിക്കും
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി നേരിട്ട ഡിജിപി എ ഹേമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കമ്മീഷന് തന്നോട് നേരത്തെ അതൃപ്തിയുണ്ടായിരിന്നുവെന്ന് ഹേമചന്ദ്രന് മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നാണ് സൂചന. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും.
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും,മുന്മന്ത്രിമാര്ക്കുമെതിരായ തെളിവുകള്‍ കണ്ടെത്താതെ എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേസ് അട്ടിമറിച്ചുവെന്നായിരിന്നു ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി കെഎസ്ആര്‍ടിസി എംഡിയായി സര്‍ക്കാര്‍ നിയോഗിച്ചു.നടപടി നേരിട്ടതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഹേമചന്ദ്രന് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് താന്‍ നേരത്തെ കമ്മീഷന് തന്നെ കത്ത് നല്‍കിയിരിന്നുവെന്നും,അതില്‍ കമ്മീഷന് തന്നോട് അതൃപ്തിയുണ്ടായിരിന്നുവെന്നും ഹേമചന്ദ്രന് മുഖ്യമന്ത്രിയുടെ അറിയിച്ചതായാണ് സൂചന.
എന്നാല്‍ നടപടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരണങ്ങള്‍ ഒന്നും നടത്തിയില്ല.അതേസമയം സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല .ഉത്തരവ് പുറത്തിറങ്ങുന്നതിന് പിന്നാലെ പ്രത്യേക വിജിലന്‍സ് സംഘത്തേയും തീരുമാനിക്കും.അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് ഡിജിപി രാജേഷ് ദിവാന്റെ നേത്യത്വത്തിലുള്ള സംഘം പ്രത്യേകമായി യോഗം ചേരും.രാജേഷ് ധിവാന് അന്വേഷണത്തിന്റെ മേല്‍നോട്ടം നല്കി ഐജി ദിനേന്ദ്ര കശ്യപിന് അന്വേഷണ ചുമതല നല്‍കാനാണ് സാധ്യത.