വാക് സാമര്‍ഥ്യവും വാചക കസര്‍ത്തും മുഴങ്ങുന്ന ഉടുമ്പന്‍ചോല
|പ്രസംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ രണ്ടുപേര്‍ നേര്‍ക്കുനേര്‍ മാറ്റുരക്കുന്ന മണ്ഡലമാണ് ഇടുക്കിയിലെ ഉടുമ്പന്‍ചോല.
പ്രസംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ രണ്ടുപേര്‍ നേര്‍ക്കുനേര്‍ മാറ്റുരക്കുന്ന മണ്ഡലമാണ് ഇടുക്കിയിലെ ഉടുമ്പന്‍ചോല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം മണി തന്റെ പ്രസംഗ ശൈലികൊണ്ട് ബിബിസിയില്‍ വരെ താരമായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു ആകട്ടെ 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച രാജ്യത്തെ ഒരേ ഒരു രാഷ്ടീയ നേതാവും.
മണക്കാട് കവലയില്‍ വണ്‍, ടു, ത്രീ ചൊല്ലി ഒടുവില്‍ മണിയാശാന്‍ ചെന്ന് നിന്നത് ജയില്‍ മുറ്റത്തായിരുന്നു. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും എംഎം മണി നിറഞ്ഞു. ഒടുവില്‍ ബിബിസിയിലും എത്തിനിന്നു ആ പ്രസംഗ പെരുമ. ഉര്‍വശീ ശാപം ഉപകാരമെന്നപോലെ മണിയാശാന്‍ സംസ്ഥാനത്ത് സിപിഎമ്മിലെ പ്രധാന പ്രാസംഗികരില്‍ ഒരാളായി മാറി. പക്ഷേ ഒരിക്കല്‍ കൂടി മണിയാശാന്റെ നാവ് പിഴച്ചു. ചെറുതോണി പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെ പറഞ്ഞത് അല്‍പം കടന്ന കൈയായി പോയെന്ന് മണിയാശാന്‍ തന്നെ പിന്നീട് പറഞ്ഞു. മാപ്പ് പറഞ്ഞ് മണിയാശാന്‍ മാതൃകയായി. ഇപ്പോ പ്രസംഗമല്ലാ, പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍.
മറുവശത്തുള്ളയാളും ഒട്ടും മോശക്കാരനല്ലാ, 2004 ല്‍ വേണു പ്രസംഗിച്ചത് ഒന്നോ, രണ്ടോ മണിക്കൂറല്ലാ, ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് റെക്കോര്‍ഡിട്ടു. 2006ല്‍ രാംലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ യോഗത്തില്‍ സേനാപതിയുടെ വാക്കുകള്‍ ഹൈക്കമാന്‍റിനെ ഞെട്ടിച്ചു കളഞ്ഞു. പലരും രഹസ്യമായി പറയുന്നത് സേനാപതി പച്ചക്ക് വിളിച്ചു പറഞ്ഞു. ചായ കൊണ്ടുവരുന്നവനും പെട്ടി തൂക്കുന്നവനും സീറ്റ് കൊടുക്കരുതെന്നായിരുന്നു ആ വാക്കുകള്‍. പഴയ പട്ടാളക്കാരന്‍റെ ഹിന്ദി പ്രസംഗം അന്ന് ദേശീയ മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കി. ആര് ജയിച്ചാലും നിയമസഭാ മന്ദിരത്തില്‍ ഉടുമ്പന്‍ചോലയുടെ ശബ്ദം നന്നായി മുഴങ്ങി കേള്‍ക്കുമെന്നുതന്നെയാണ് നാട്ടുകാരുടെ വിശ്വാസം.