സിറോ മലബാര്‍ സമ്പൂര്‍ണ്ണ സിനഡ് യോഗം ഇന്നും തുടരും
|ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിറോ മലബാർ സിനഡ് ആദ്യ ദിന യോഗത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരി ഖേദപ്രകടനം നടത്തിയിരുന്നു.
സിറോ മലബാർ സഭ സമ്പൂർണ്ണ സിനഡ് കൊച്ചിയിൽ ഇന്നും തുടരും. ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിറോ മലബാർ സിനഡ് ആദ്യ ദിന യോഗത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരി ഖേദപ്രകടനം നടത്തിയിരുന്നു. ആവശ്യമെങ്കിൽ ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യാമെന്നാണ് യോഗത്തിന്റെ പൊതുവായ തീരുമാനം.
സിറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി രൂപതയിൽ ഉയർന്ന ഭൂമി വിവാദത്തിൽ കർദ്ദിനാൾ അനുകൂലികളും വിമത വിഭാഗവും തമ്മിൽ നടക്കുന്ന വാക്പോരിനിടെയാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന സിനഡ് യോഗം കഴിഞ്ഞ ദിവസം ആരംഭിച്ചത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി യോഗം ഉത്ഘാടനം ചെയ്തു. വിവാദം സിറോ മലബാർ സഭയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് കർദ്ദിനാൾ പറഞ്ഞു. വിവാദത്തിൽ താനും പങ്കാളിയായതിൽ അദ്ദേഹം തന്റെ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ചു. ഭൂമി വിവാദ പ്രശ്നം സിനഡിൽ മാത്രമായി ചർച്ച ചെയ്യേണ്ടെന്നും യോഗം തീരുമാനമായി. ഇന്നലെ കർദ്ദിനാളിനെ യോഗത്തിനെത്തിയ ഭൂരിഭാഗം മെത്രാൻമാരും അനുകൂലിച്ചിരുന്നു. ആവശ്യം എങ്കിൽ ശൂന്യവേളയിൽ ഭൂമി വിവാദം ചർച്ച ചെയ്യാമെന്നായിരുന്നു ഭൂരിപക്ഷ നിലപാട്.
34 രൂപതകളിൽ ഒരു രൂപതയിൽ മാത്രമാണ് പ്രശ്നമെന്നും പ്രാദേശികമായി വിഷയം കൈകാര്യം ചെയ്യേണ്ടതാണെന്നുമാണ് സിനഡിന്റെ വിലയിരുത്തൽ. ഇന്ന് ആരെങ്കിലും വിഷയം ഉന്നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഇനി വരും ദിവസങ്ങളിൽ എറണാകുളം - അങ്കമാലി അതിരൂപതയിൽ നിന്നുള്ള ബിഷപ്പുമാർ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് പ്രസക്തമാണ്.