ഷുഹൈബ് വധത്തില്‍ നിയമ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം
|പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്
നിയമസഭയുടെ ബജറ്റ് സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ഷുഹൈബ് വധം ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവച്ചു.
ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവവും സഭയിൽ ചർച്ചയാകും. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ധനാഭ്യർഥനയും ഉപധനാഭ്യര്‍ഥനയും ധനവിനിയോഗ ബില്ലും ബജറ്റ് സമ്മേളനത്തിൽ പാസാക്കും. ബജറ്റ് ചർച്ചകൾക്കായി 13 ദിവസം മാറ്റി വെച്ചിട്ടുണ്ട്. സഹകരണ ഭേദഗതി ബിൽ, റോഡുസുരക്ഷ അതോറിറ്റി ബിൽ എന്നിങ്ങനെ സുപ്രധാന നിയമനിർമാണങ്ങളും ഈ സമ്മേളനത്തിൽ നടക്കും.
സാമ്പത്തിക പ്രതിസന്ധി, ജി.എസ് ടി പ്രശ്നങ്ങൾ, ഭൂനികുതി വർധിപ്പിച്ചത് എന്നിവയും പ്രതിപക്ഷം ആയുധമാക്കും. ഷുഹൈബ്, മധു കേസുകളിൽ പെട്ടവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതുൾപ്പെടെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാകും സർക്കാർ പ്രതിരോധമുയര്‍ത്തുക. ഏപ്രിൽ 4 വരെയാണ് സമ്മേളനം ചേരുന്നത്.