ഇല്ലാത്ത കമ്പനിക്ക് എട്ടരക്കോടി; തട്ടിപ്പ് സ്ഥിരീകരിച്ച് കെഎംഎംഎല്‍ റിപ്പോര്‍ട്ട്
|മിനറല്‍ സെപ്പറേഷന്‍ പ്ലാന്റിന്റെ വികസനത്തിനായി എട്ടര കോടി രൂപ നല്‍കിയ സിംഗപ്പൂരിലെ കമ്പനി വ്യാജമായിരുന്നെന്ന് കെഎംഎംഎല്ലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇല്ലാത്ത കമ്പനിക്ക് വേണ്ടി എട്ടരക്കോടി രൂപ ചിലവാക്കിയതില്‍ കെഎംഎംഎല്ലിന്റെ സ്ഥിരീകരണം. മിനറല്‍ സെപ്പറേഷന്‍ പ്ലാന്റിന്റെ വികസനത്തിനായി എട്ടര കോടി രൂപ നല്‍കിയ സിംഗപ്പൂരിലെ കമ്പനി വ്യാജമായിരുന്നെന്ന് കെഎംഎംഎല്ലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎംഎംഎല്‍ വ്യാജകമ്പനിക്ക് എട്ടരക്കോടി നല്‍കിയെന്ന് കഴിഞ്ഞ വര്‍ഷം മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു.
കെഎംഎംഎല്‍ പുറത്തിറക്കിയിരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എട്ടരക്കോടിയുടെ തട്ടിപ്പുകഥ അക്കമിട്ട് നിരത്തുന്നത്. മിനറല്‍ സെപ്പറേഷന്‍ പ്ലാന്റിന്റെ വികനത്തിന് 2005ല്‍ സിംഗപ്പൂര്‍ ആസ്ഥാനമാക്കിയുള്ള കെപിഎം എന്ന കമ്പനിക്ക് എട്ടരക്കോടി നല്‍കിയെന്നും എന്നാല്‍ കമ്പനിയെ കുറിച്ച് നാളിത് വരെയും ഒരു വിവരവുമില്ലെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പാണ് ഈ തുക നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിദേശകാര്യ വകുപ്പും ഇന്ത്യന്‍ എംബസിയും വഴി 9 വര്‍ഷത്തിന് ശേഷം നടത്തിയ അന്വേഷണ പ്രകാരം സിംഗപ്പൂരില്‍ അങ്ങനൊരു കമ്പനി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മിനറല്‍ സെപ്പറേഷന്‍ പ്ലാന്റിന്റെ വികസനത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കോടികള്‍ കമ്മീഷന്‍ തട്ടിയതായും ഇല്ലാത്ത കമ്പനിക്കാണ് ഇതിനായി കരാര്‍ നല്‍കിയതെന്നും കഴിഞ്ഞ വര്‍ഷം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.