ചക്കിട്ടപ്പാറയില്‍ വീണ്ടും ഖനന നീക്കം
|അപേക്ഷ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി തള്ളി. അപേക്ഷയെ സിപിഎം എതിര്‍ത്തില്ല
കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് വീണ്ടും നീക്കം. ഖനനത്തിന് അനുമതി തേടി എംഎസ്പില് കമ്പനി ചക്കിട്ടപ്പാറ ഗ്രാമഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ യുഡിഎഫും സിപിഐയും ഖനനത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. അപേക്ഷയില്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി തീരുമാനം എടുത്തിട്ടില്ല.
ചക്കിട്ടപ്പാറ വില്ലേജിലെ ആലംപാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ അനുമതി തേടിയാണ് കര്‍ണാടകയിലെ എംഎസ്പില് കമ്പനി ഗ്രാമപഞ്ചായത്തിനെ സമീപിച്ചത്. ഖനനാനുമതി തേടി കമ്പനി നല്കിയ കത്ത് ഇന്നലെ ചേര്‍ന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗം പരിഗണിച്ചു. ഖനനാനുമതി നല്‍കരുതെന്ന ശക്തമായ നിലപാടാണ് യുഡിഎഫും സിപിഐയും യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ സിപിഎം അംഗങ്ങള്‍ നിശബ്ദത പാലിച്ചു.
ഖനനത്തിനുള്ള കമ്പനിയുടെ അപേക്ഷ പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനം എടുത്തിട്ടില്ലെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പറഞ്ഞു.
ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ എളമരം കരീം വ്യവസായ മന്ത്രി ആയിരിക്കെ അനുമതി നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അത് റദ്ദാക്കി.
മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ആലംപാറയില്‍ ഖനനം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് തുടരുമ്പോഴും ഖനന നീക്കവുമായി കമ്പനി മുന്നോട്ടു പോകുകയാണ്. ഖനനത്തിന് അനുമതി തേടി കമ്പനി നല്കിയ മറ്റൊരു അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഈ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തേടിയിട്ടുണ്ട്.