നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകാന്‍ കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ
|ചരല്‍കുന്നില്‍ നടക്കുന്ന ഭാരവാഹികളുടെ യോഗത്തിന് ശേഷം നിലപാട് അറിയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകാന്‍ കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായതായി സൂചന. ചരല്‍കുന്നില്‍ നടക്കുന്ന ഭാരവാഹികളുടെ യോഗത്തിന് ശേഷം നിലപാട് അറിയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടിയില്‍ ഭിന്നതകള്‍ ഇല്ലെന്നും കാമ്പിന് ശേഷം തീരുമാനം വ്യക്തമാക്കുമെന്നും പി ജെ ജോസഫും മാണിയും പ്രതികരിച്ചു. കാമ്പിന് മുന്നോടിയായി പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയും ചേരും.
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരുമാണ് ജോസ് കെ മാണിയുടെ കോട്ടയത്തെ വീട്ടില്‍ യോഗം ചേര്‍ന്നത്. ഇതോടെ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും നടത്തിയ അനുനയ ചര്‍ച്ചകള്‍ വിഫലമായതായാണ് സൂചന. നേതൃ തലത്തില്‍ ഇരു പാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ലെന്നും താഴെ തട്ടില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടിയുടെ അണികള്‍ അകന്നെന്നുമാണ് പൊതുവികാരം. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകണമെന്ന നിലപാട് ഭൂരിപക്ഷം എംഎല്‍എമാരും മുന്നോട്ടുവെച്ചു. രമേശ് ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനും മുന്നണിയില്‍ തുടരാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മുന്നണിയില്ലാതെ ഒറ്റക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താമെന്ന നിലപാടാണ് കെ എം മാണി ചരല്‍ക്കുന്ന് കാമ്പില്‍ പാര്‍ട്ടി ഭാരവാഹികളെ അറിയിക്കുക. ജോസഫ് വിഭാഗത്തിന്റെ ഭാഗിക സമ്മതവും കെ എം മാണി നേടി എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയില്‍ ഭിന്നതകള്‍ ഇല്ലെന്നായിരുന്നു കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും പ്രതികരണം.
ശനിയാഴ്ച ചരല്‍ക്കുന്നിലെ കാമ്പിന് മുന്നോടിയായി പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി വീണ്ടും ചേരും. മുന്നണി ബന്ധമില്ലാതെ ഒറ്റക്ക് നിന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഭാവി നിലപാട് സ്വീകരിക്കാമെന്നുമാണ് മാണിയുടെ കണക്കുകൂട്ടല്‍. ഇക്കാലയളവില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാകുമെന്നും കെ എം മാണി വിശ്വസിക്കുന്നു.