ഹെല്‍മറ്റില്ലാതെ പെട്രോളില്ലാ പദ്ധതിക്ക് മികച്ച പ്രതികരണം
|അടുത്ത അഞ്ച് ദിവസം കൂടി കഴിഞ്ഞാല്‍ മൂന്ന് നഗരങ്ങളിലും ഹെല്‍മറ്റില്ലാതെ പെട്രോളടിക്കാതെത്തുന്നവര്‍ പിഴയൊടുക്കേണ്ടി വരും.
ഹെല്‍മറ്റില്ലാതെ പെട്രോളില്ലാ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പമ്പുടമകള്‍. 95 ശതമാനം ഇരു ചക്ര യാത്രികരും ഹെല്‍മറ്റ് ധരിച്ചാണ് പെട്രോളടിക്കാനെത്തുന്നത്. ഹെല്‍മറ്റ് ധരിച്ചെത്തുന്നവരും ജീവനക്കാരുമായുള്ള ആശയ വിനിമയത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളൊഴിച്ചാല്‍ മോശമായ അനുഭവം ജീവനക്കാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല.
ഹെല്‍മറ്റ് ധരിക്കു, പെട്രോള്‍ നിറക്കു. സുരക്ഷിതരായിരിക്കു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം ഒന്നിനാണ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചത്. പത്ത് ദിവസത്തിന് ശേഷം ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയ കോഴിക്കോട് കൊച്ചി തിരുവന്തപുരം നഗരങ്ങളില്‍ ബൈക്ക് യാത്രികര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പമ്പുടമകള്‍ പറയുന്നു.
ചിലരെങ്കിലും ഹെല്‍മറ്റ് ധരിക്കാതെ പെട്രോളടിക്കാനെത്തുന്നുണ്ട്. കാര്യം പറഞ്ഞ് മനസ്സിലാക്കി തത്ക്കാലത്തേക്ക് പെട്രോള്‍ നല്‍കി ജീവനക്കാര്‍ ഇവരെ പറഞ്ഞ് വിടും. ഇത്തരത്തില്‍ വന്നവര്‍ പിന്നീട് പെട്രോളടിക്കാന്‍ ഹെല്‍മറ്റ് ധരിച്ച് തന്നെ എത്തുന്നു. അല്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന് മുഖത്ത് നോക്കി പറയും.
ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചെത്തുന്നവര്‍ കവര്‍ച്ച നടത്താനുള്ള സാധ്യത, ഹെല്‍മറ്റ് ധരിച്ച് സംസാരിക്കുമ്പോഴുണ്ടാകുന്ന ആശയവ്യക്തത കുറവ് എന്നിങ്ങനെയുള്ള ചില ആശങ്കകളും പമ്പുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി കഴിഞ്ഞാല്‍ മൂന്ന് നഗരങ്ങളിലും ഹെല്‍മറ്റില്ലാതെ പെട്രോളടിക്കാതെത്തുന്നവര്‍ പിഴയൊടുക്കേണ്ടി വരും.