പൊതുപണിമുടക്ക്: ലക്ഷദ്വീപില്‍ നിന്നുള്ള യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി
|നാല് കപ്പലുകളിലായെത്തിയ 1300 പേരില്‍ ഭൂരിഭാഗവും വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് കപ്പലില്‍ തന്നെയാണ്
ദേശീയ പണിമുടക്ക് ലക്ഷദ്വീപില്‍ നിന്നെത്തിയ യാത്രക്കാരെയും ബാധിച്ചു. നാല് കപ്പലുകളിലായെത്തിയ 1300 പേരില്‍ ഭൂരിഭാഗവും വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് കപ്പലില്‍ തന്നെയാണ്. ഹജ്ജ് കാമ്പില്‍ നിന്ന് വാഹനമെത്തിയതിനാല്‍ ദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഹോട്ടലിലെത്താനായി.
ലക്ഷദ്വീപ് സീ, അറേബ്യന്‍ സീ, ലഗൂണ്‍, കോറല്‍ എന്നീ കപ്പലുകളാണ് ലക്ഷദ്വീപില്‍ നിന്ന് രാവിലെ 5 മണിക്ക് തുറമുഖത്തെത്തിയത്. എന്നാല്‍ പണിമുടക്ക് മൂലം ഇവര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. 200 പേരോളം വരുന്ന ഹാജിമാര്‍ക്ക് ഹജ്ജ് കമ്മിറ്റി വാഹനമെത്തിച്ചതിനെ തുടര്‍ന്ന് 12 മണിയോടെ ഇവരെ താമസ സ്ഥലത്തേക്ക് മാറ്റി. എന്നാല്‍ ഹാജിമാരോടൊപ്പമുള്ള ബന്ധുക്കളും മറ്റ് യാത്രക്കാരും കപ്പലില്‍ കുടുങ്ങിക്കിടക്കുകയാണ്. രാത്രിയോടെ മാത്രമേ ഇവര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തിറങ്ങാനാവൂ.
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലും കപ്പലിലുണ്ടായിരുന്നു. വാഹനം എത്തിയതിനെത്തുടര്‍ന്ന് എംപിക്ക് പുറത്തിറങ്ങാനായി. യാത്രക്കാരില്‍ ചിലര്‍ നിവൃത്തിയില്ലാതെ യാത്രക്കായി ആംബുലന്‍സിനെ ആശ്രയിച്ചു. വലിയ തുക കൊടുക്കേണ്ടി വന്നുവെന്ന് മാത്രം. ആറ് മാസം മുന്‍പ് പ്രഖ്യാപിച്ച ഹര്‍ത്താലിന് കപ്പല്‍ യാത്ര പുനക്രമീകരിക്കാത്തതാണ് ദുരിതത്തിന് കാരണമെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്.