ആദിവാസി കുട്ടികള്‍ക്ക് ശാരീരിക ഉപദ്രവം; ഏഴു കുട്ടികള്‍ ആശുപത്രിയില്‍
|അഷ്ടമിച്ചിറ സെന്റ് ആന്റണീസ് ബാലഭവന്‍ അധികൃതര്‍ക്കെതിരെയാണ് പരാതി.
എറണാകുളം കോതമംഗലം പൊങ്ങിന്‍ചോട് ആദിവാസി കോളനിയിലെ കുട്ടികളെ ബാലഭവന്‍ അധികൃതര്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. അഷ്ടമിച്ചിറ സെന്റ് ആന്റണീസ് ബാലഭവനെതിരെയാണ് ആരോപണവുമായി മാതാപിതാക്കളും കുട്ടികളും രംഗത്തെത്തിയിരിക്കുന്നത്. ബാലഭവനിലുണ്ടായിരുന്ന ഏഴ് കുട്ടികള്‍ ഇപ്പോള്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് ബാലഭവനിലുണ്ടായിരുന്ന ഏഴ് കുട്ടികളെ പരിക്കുകളോടെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അകാരണമായാണ് ബാലഭവന്‍ അധികൃതര്‍ തങ്ങളെ ഉപദ്രവിച്ചിരുന്നതെന്ന് കുട്ടികള്‍ പറയുന്നു. അധികൃതരെ പേടിച്ച് പല തവണ ബാലഭവനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. അതികഠിനമായ ജോലികളാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും ജോലികള്‍ ചെയ്യാന്‍ വിസമ്മതിച്ചിരുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നതെന്നും പരാതിയുണ്ട്. വൃത്തിഹീനമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് നല്‍കിയിരുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. കുട്ടികളെ മര്‍ദ്ദിച്ച വിവരം അന്വേഷിക്കാനെത്തിയ മാതാപിതാക്കളോട് വളരെ മോശമായാണ് ബാലഭവന്‍ അധികൃതര്‍ പെരുമാറിയതെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ കുറുപ്പംപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വിഷയം മുഖ്യമന്ത്രിയുടെയും ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആദിവാസി ക്ഷേമസമിതി അറിയിച്ചിട്ടുണ്ട്.