സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചു
|അസാധുവായ നോട്ടുകള്‍ സ്വീകരിക്കാന്‍ നല്‍കിയ ഇളവ് എടുത്ത് മാറ്റി
സഹകരണ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞു. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും 500, 1000 നോട്ടുകള്‍ സ്വീകരിക്കാനാവില്ല. അതേ സമയം ജില്ലാ ബാങ്കുകള്‍ക്ക് വാണിജ്യ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തു കളഞ്ഞു.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ആദ്യം അനുമതി നല്‍കിയിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് 10ആം തീയതി മുതല്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചത്. ഈ അനുമതിയാണ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ റിസര്‍വ് ബാങ്കി പിന്‍വിലച്ചത്. കള്ളപ്പണം എത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് സൂചനയുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്ക് നടപടി സഹകരണ മേഖല തകരാന്‍ കാരണമാക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. അനുമതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം സഹകരണ മേഖലക്ക് ആശ്വാസമേകി പിന്‍വലിക്കുന്ന പണത്തിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് ഒഴിവാക്കി. വ്യക്തികള്‍ക്ക് പിന്‍വലിക്കാവുന്ന തുക മാത്രമേ സഹകരണ ബാങ്കിനും പിന്‍വലിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി മുതല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് വാണിജ്യ ബാങ്കുകളില്‍ നിന്ന് ആവശ്യാനുസരണം തുക പിന്‍വലിക്കാം.