അട്ടപ്പാടിയിലെ ശിശുമരണം; പുതിയകാരണങ്ങള്‍ കണ്ടെത്തി ആരോഗ്യവകുപ്പ്
|മുലപ്പാല്‍ ശ്വസനനാളത്തില്‍ കുടുങ്ങിയല്ല കുട്ടിമരിച്ചതെന്ന് രക്ഷിതാക്കള്‍
കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ആദിവാസി ശിശു മരിച്ചത് മുലപ്പാല്‍ ശ്വാസനാളത്തില്‍ കയറിയാണെന്ന ആരോഗ്യ വകുപ്പിന്‍റെ വാദം ശരിയല്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍. ഷോളയൂർ - കടമ്പാറ ഊരിലെ വീരമ്മ - ശെൽവൻ ദമ്പതികളാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തലിനെതിരെ രംഗത്തുവന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീരമ്മ- ശെല്‍വന്‍ ദമ്പതികളുട അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. വയറുവേദന കാരണം കുട്ടിയെ കഴിഞ്ഞയാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ മറ്റു മൂന്നു കുട്ടികളും നേരത്തെ മരിച്ചിരുന്നു. നാലാമത്തെ കുഞ്ഞിന്‍റെ മരണകാരണം മുലപ്പാല്‍ കൊടുക്കുന്നതിനിടെ പാല്‍ ശ്വസനനാളത്തില്‍ കയറിയാണെന്നാണ് ആരോഗ്യവകുപ്പും പട്ടിക വര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥരും പറഞ്ഞത്.
എന്നാല്‍ കുട്ടിക്ക് മുലകൊടുത്ത ശേഷം ഒരു പ്രശ്നവുമില്ലായിരുന്നെന്നും കുട്ടി കുറേ സമയം ശെല്‍വന്‍റെ കയ്യില്‍ കളിച്ചു കിടന്നിരുന്നെന്നും വീരമ്മ പറയുന്നു. കഴിഞ്ഞ നവംബര്‍ 14ന് മുക്കാലി കൊട്ടിയൂര്‍ക്കുന്ന് കോളനിയിലെ ബിജു-സുനിത ദമ്പതികളുടെ കുട്ടി മരിച്ചപ്പോള്‍ അതിന്‍റെ കാരണം കഞ്ഞി ശ്വസന നാളത്തില്‍ കുടുങ്ങിയതാണെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞിരുന്നത്. രക്തക്കുറവും വിളര്‍ച്ചയുമാണ് ഈ കുട്ടികളുടെ മരണകാരണമെന്നാണ് അട്ടപ്പാടിയിലെ വിവിധ സന്നദ്ധസംഘടനകള്‍ പറയുന്നത്. അട്ടപ്പാടിയിലെ ശിശുമരണം ഇല്ലാതാക്കാന്‍ ആവിഷ്കരിച്ച പല പദ്ധതികളും ഇപ്പോഴും താഴേതട്ടിലെത്തുന്നില്ല.
അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങള്‍ക്ക് കാരണക്കാരായവര്‍ തന്നെയാണ് ഈ മരണങ്ങള്‍ക്ക് പുതിയ കാരണങ്ങള്‍ ചമക്കുന്നത്. ഈ നിലതുടര്‍ന്നാല്‍ അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ തുടരുക തന്നെ ചെയ്യും