കിഫ്ബി വഴി വന്‍പദ്ധതികള്‍; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് കണക്ഷന്
|മാന്ദ്യം മറികടക്കാന്‍ കിഫ്ബിയെ ആശ്രയിച്ച് പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ്. കിഫ്ബി വഴി 25000 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍. ഒരു ലക്ഷം ഭവന രഹിതര്‍ക്ക് വീട്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉയര്‍ത്തി
ക്ഷേമപദ്ധതികള്‍ക്കും അടിസ്ഥാന സൌകര്യ വികസനത്തിനും ഊന്നല്‍ നല്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. 25000 കോടിയുടെ പശ്ചാത്തല സൌകര്യ വികസനം ബജറ്റ് വാഗ്ദാനം ചെയ്യുന്നു. കിഫ്ബിയില്‍ പ്രതീക്ഷയര്പ്പിച്ചുള്ളതാണ് കൂടുതല്‍ പദ്ധതികളും.
നോട്ട് നിരോധത്തെക്കുറിച്ച് എം ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധം മനുഷ്യനിര്‍മിത ദുരന്തമാണ്. സാധാരണക്കാരന്റെ ജീവിതം താറുമാറായി. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ആളില്ലാതായി. കയറ്റുമതി കുത്തനെ കുറഞ്ഞു. നിക്ഷേപത്തിലും ഗണ്യമായ കുറവുണ്ടായി. നോട്ട് നിരോധം സംബന്ധിച്ച് കേന്ദ്രം പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
നികുതി വരുമാനം വര്‍ധിപ്പിക്കല്‍ ഈ വര്‍ഷം ലക്ഷ്യം കാണില്ല. സാമ്പത്തിക മുരടിപ്പ് മറികടക്കുക വെല്ലുവിളിയാണ്. നോട്ട് നിരോധം സൃഷ്ടിച്ച മാന്ദ്യം മറികടക്കാന്‍ വലിയ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കും. 2017 -18ല്‍ 25000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കിഫ്ബി വഴിയായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ശുചിത്വ മിഷന് 127 കോടി
മാലിന്യ നിര്‍മാര്‍ജനത്തിന് ജനകീയ പ്രചാരണം. നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും കംപോസ്റ്റ് പിറ്റ്. തോട്ടിപ്പണി പൂര്‍ണമായും ഇല്ലാതാക്കാനുള്ള പദ്ധതിക്ക് 10 കോടി.
3 കോടി മരങ്ങള്‍ നടും
കുളങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവ സംരക്ഷിക്കും. തൊഴിലുറപ്പ് പദ്ധതി ഇതിനായി വിനിയോഗിക്കും. സ്വകാര്യഭൂമിയിലെ മണ്ണ് സംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയിലൂടെ. മണ്ണ് സംരക്ഷണത്തിന് 102 കോടി. അടുത്ത കാലവര്‍ഷകാലത്ത് കേരളത്തില്‍ 3 കോടി മരങ്ങള്‍ നടും. പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ സമഗ്ര പ്രാദേശിക പദ്ധതി ആവിഷ്കരിക്കും. ചെറുകിട ജലസ്രോതസുകള്‍ക്ക് 208 കോടി
ആരോഗ്യവിവരങ്ങള്‍ ശേഖരിക്കും
പൌരന്മാരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കും. രക്തപരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവയ്ക്ക് എല്ലാ പഞ്ചായത്തിലും ഉപകരണങ്ങള്‍. ജില്ല, താലൂക്ക്, മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി. പ്രമേഹ രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ രോഗികള്‍ക്ക് പിഎച്ച്സി വഴി സൌജന്യ മരുന്ന്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാധുനിക സംവിധാനങ്ങള്‍. ആരോഗ്യമേഖലയില്‍ 5257 പുതിയ തസ്തികകള്‍. 1350 ഡോക്ടര്‍മാരുടെ തസ്തികകള്‍, 1150 നഴ്സുമാരുടെ തസ്തികകള്‍, മെഡിക്കല്‍ കോളേജുകളില്‍ 49 അധ്യാപക തസ്തികകള്‍. ആധുനിക അറവുശാലയ്ക്ക് 100 കോടി. വൈദ്യുത ശ്മാനശാന കേന്ദ്രത്തിന് 100 കോടി. ആശുപത്രി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കും.
സ്കൂള്‍ നവീകരണത്തിനായി 4 പദ്ധതികള്‍
ഓരോ മണ്ഡലത്തിലും ഒരു സ്കൂള്‍ വീതം നവീകരിക്കാന്‍ 1000 കോടി. 1000 കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്കായി 500 കോടി. എയ്ഡഡ് സ്കൂളുകള്‍ക്ക് ഒരു കോടി വരെ സഹായം. ഹയര്‍ സെക്കന്‍ഡറിയിലെ അധിക ബാച്ചുകളില്‍ സ്ഥിരം അധ്യാപകര്‍. 200 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്കൂളുകള്‍. ബഡ്സ് സ്കൂളുകള്‍ക്ക് 65 കോടി. മാനദണ്ഡമനുസരിച്ച് ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. സ്കൂളിലെ ഉച്ചഭക്ഷണത്തിന് 640 കോടി വകയിരുത്തും.
ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട്
ഒരു ലക്ഷം ഭവനരഹിതര്‍ക്ക് 2017 -18ല്‍ വീട് നിര്‍മിച്ച് നല്‍കും. ജനകീയാസൂത്രണത്തിന്റെ ഊന്നല്‍ പദ്ധതി നിര്‍വഹണമാക്കും. ജനകീയാസൂത്രണത്തില്‍ ജനപങ്കാളിത്തവും സന്നദ്ധ പ്രവര്‍ത്തനവും ഉറപ്പാക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9748 കോടി രൂപ. പ്രദേശിക സര്‍ക്കാറിന് കീഴിലെ എന്‍ജീനിയര്‍മാരുടെ ശമ്പളം പ്രാദേശിക സര്‍ക്കാറുകള്‍ വഴിയാക്കും. എന്‍ജിനീയര്‍മാരുടെ നിയന്ത്രണവും പ്രാദേശിക സര്‍ക്കാറുകള്‍ക്കാണ്.
സാമൂഹ്യക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചു
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനും 1100 രൂപയാക്കി. സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ ഏകീകരിക്കും. ഒരാള്‍ക്ക് ഒരു പെന്ഷന് മാത്രമെ വാങ്ങാനാകു. നേരത്തെ മുതല്‍ രണ്ട് പെന്ഷന് വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്ഷന് 600 രൂപയാക്കി നിജപ്പെടുത്തും. സര്‍ക്കസ് കലാകാരന്മാരെ സംരക്ഷിക്കാന്‍ ഒരു കോടി രൂപ. ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസത്തില്‍ 5 ശതമാനം സംവരണം, 4 ശതമാനം ജോലി സംവരണം. ഭിന്നശേഷിക്കാര്‍ക്കായി 1200 കോടി വകയിരുത്തും. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ ഓഫീസിലും കയറിച്ചെല്ലാന്‍ പാകത്തില്‍ സൌകര്യം ഉറപ്പാക്കും. ആശാവര്‍ക്കര്‍മാരുടെയും അങ്കന്‍വാടി ജീവനക്കാരുടെയും പ്രീപ്രൈമറി അധ്യാപകരുടെയും ഓണറേറിയത്തില്‍ 500 രൂപയുടെ വര്‍ധന. പട്ടിക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി പദ്ധതി വിഹിതം. പട്ടിക വിഭാഗ വിദ്യാര്‍ഥിനികള്‍ക്കായി പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്. ക്ഷീര കര്‍ഷക പെന്ഷന് 1200 രൂപയാക്കും
കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് 100 കോടി
കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് സംസ്ഥാന വിഹിതമായി 100 കോടി. പുതിയ മുന്‍സിപ്പാലിറ്റികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 കോടി
റേഷന്‍ സബ്സിഡിക്ക് 900 കോടി
റേഷന്‍ കടകളുടെ ആധുനികവത്കരണത്തിന് 117 കോടി. റേഷന്‍ ഡീലര്‍മാരുടെ കമ്മീഷന് വര്‍ധിപ്പിക്കും. ചെലവ് സര്‍ക്കാര്‍ വഹിക്കും. നെല്ല് സംഭരണത്തിന് 700 കോടി. പൊതുവിപണിയില്‍ ഇടപെടാന്‍ സപ്ലൈകോക്ക് 200 കോടി. കണ്‍സ്യൂമര്‍ഫെഡിന് 150 കോടി. ഹോര്‍ട്ടികോര്‍പ്പിന് 30 കോടി.
റബ്ബര്‍ വിലസ്ഥിരതാ പദ്ധതി തുടരും
കാര്‍ഷിക മേഖലയുടെ അടങ്കല്‍ 2106 കോടി. തരിശ് ഭൂമിയില്‍ കൃഷിയിറക്കാന്‍ 12 കോടി. റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി. വയനാട് പാക്കേജിന് 19 കോടി. കാസര്‍കോട് പദ്ധതിക്ക് 90 കോടി. ആദിവാസികള്‍ ഉത്പാദിപ്പിക്കുന്ന റാഗിയും മില്ലറ്റും സംഭരിച്ച് അവര്‍ക്ക് തന്നെ റേഷനായി വിതരണം ചെയ്യും. മത്സ്യമേഖലയ്ക്ക് 586 കോടി. കായല്‍ അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. പഞ്ഞമാസ ധനസഹായത്തില്‍ വേണ്ട തുക അനുവദിക്കും. കയര്‍മേഖലക്ക് 128 കോടി. അടുത്ത സാമ്പത്തിക വര്‍ഷം 100 ചകിരി മില്ലുകള്‍ തുടങ്ങും. കയര്‍ തൊഴിലാളികളില്‍ നിന്ന് ഉല്പന്നങ്ങള് സംഭരിക്കും. കയര്‍ സംഭരണം ഇരട്ടിയാക്കും. കൈത്തറിക്ക് 78 കോടി. കൈത്തറി സ്കൂളുകള്‍. ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്കൂള്‍. കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി ഊര്‍ജിതമാക്കും. തോട്ടണ്ടി സംഭരണത്തിന് 30 കോടി. കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിന് 40 കോടി. ബീഡിത്തൊഴിലാളികളുടെ ക്ഷേമത്തിന് 20 കോടി രൂപ ഗ്രാന്റ്. റബ്കോ പുനരുദ്ധരിക്കാന്‍ പദ്ധതി.
ഇന്റര്‍നെറ്റ് കണക്ഷന് പൌരാവകാശം
20 ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍. കെ ഫോണ്‍ എന്ന പേരിലായിരിക്കും പദ്ധതി. പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി. ഇന്റര്‍നെറ്റ് കണക്ഷന് പൌരന്റെ അവകാശമാക്കും. ഐടി, ടൂറിസം പദ്ധതികള്‍ക്കായി 1375 കോടി വകയിരുത്തും. മാവൂരില്‍ ജപ്പാനീസ് കൊറിയന്‍ വ്യവസായ ക്ളസ്റ്റര്‍. ചുണ്ടന്‍വള്ളങ്ങളുടെ അറ്റകുറ്റപണിക്ക് 5 കോടി. മലബാറിലെ കായലുകളും നദികളും കൂട്ടിയണക്കി ടൂറിസം പദ്ധതി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 270 കോടി
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 270 കോടി നല്‍കും. കെഎസ്ഡിപിയുടെ ആധുനികവത്കരണത്തിന് മുന്‍ഗണന. കെഎസ്ഡിപിയുടെ സഞ്ചിത നഷ്ടം എഴുതിത്തള്ളി. കെല്‍ട്രോണ്‍ പുനരുദ്ധാരണത്തിന് 20 കോടി. കിന്‍ഫ്രയ്ക്ക് 111 കോടി. കരിമണല്‍ ഖനനം പൊതുമേഖലയില്‍ വിപുലപ്പെടുത്തും. വ്യവസായ പദ്ധതികളുടെ അനുമതിക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് നിയമം ഭേദഗതി ചെയ്യും. ചെറുകിട വ്യവസായ സംരംഭകര്‍ക്കായി 56 കോടി.
അഞ്ച് വര്‍ഷം കൊണ്ട് 50000 കോടിയുടെ റോഡ് വികസനം
അഞ്ച് വര്‍ഷം കൊണ്ട് 50000 കോടിയുടെ റോഡ് വികസനം. 1351 കോടി ഈ വര്‍ഷത്തെ പദ്ധതിയില്‍. പിഡബ്ല്യുഡി കരാറുകാരുടെ കുടിശ്ശിക അടുത്ത വര്‍ഷത്തോടെ തീര്‍ക്കും. അപകടകരമായ പാലങ്ങളെല്ലാം പുനരുദ്ധരിക്കും. 1267 കിലോമീറ്റര്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം തുടങ്ങും. തീരദേശ റോഡുകള്‍ക്ക് 100 കോടി. വിഴിഞ്ഞം പദ്ധതി പുനരധിവാസത്തിന് ആവശ്യമായ തുക അനുവദിക്കും.
പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ചിട്ടികള്‍
പ്രവാസികളുടെ ചിട്ടിത്തുക കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കും. പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ചിട്ടികള്‍. പ്രവാസി പെന്ഷന് 2000 രൂപയാക്കി. പ്രവാസി പുനരധിവാസത്തിന് 18 കോടി
എല്ലാ വീടുകളിലും വൈദ്യുതി
മാര്‍ച്ച് 31ന് മുന്‍പ് എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കും. പൊതുനിരത്തിലെ ബള്‍ബുകളെല്ലാം എല്‍ഇഡി ആക്കും. ജലവൈദ്യുത പദ്ധതിക്കള്‍ക്കായി 268 കോടി. 15 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കാസര്‍കോട് പുതിയ സോളാര്‍ നിലയം സ്ഥാപിക്കും. കെഎസ്ഇബി ലൈനിന് സമാന്തരമായി ഒഎഫ്സി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും.
കുടിവെള്ളത്തിന് 1058 കോടി
വരള്‍ച്ചാ ദുരന്തനിവാരണത്തിന് 30 കോടി രൂപ. കുടിവെള്ളത്തിന് 1058 കോടി. 290 കോടി ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് വകയിരുത്തി.
കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കും
മൂന്ന് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ നഷ്ടമില്ലാതെയാക്കും. കെഎസ്ആര്‍ടിസിക്ക് പുനുരദ്ധാരണ പാക്കേജ് തയ്യാറാക്കും. കെഎസ്ആര്‍ടിസി മാനേജ്മെന്റ് സമ്പൂര്‍ണമായി പുനസംഘടിപ്പിക്കും. പഴയ ബസുകള്‍ക്ക് പകരം സിഎന്‍ജി ബസുകള്‍. മൂന്ന് വര്‍ഷം കൊണ്ട് 3000 കോടിയുടെ പാക്കേജ്. 3000 കോടി രൂപ സര്‍ക്കാര്‍ നിക്ഷേപമായിരിക്കും
കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ തുറന്നുകൊടുക്കും
കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ ഏതാനും മാസങ്ങള്‍ക്കകം തുറന്നുകൊടുക്കും. ശബരി വിമാനത്താവളത്തിന് പണം ലഭ്യമാക്കും.
വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചാല്‍ സഹായം
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുന്നവര്‍ക്ക് പ്രത്യേക സഹായം. സര്‍വകലാശാലകള്‍ക്കായി 381 കോടി. പദ്ധതി ഇതര സഹായമായി 1298 കോടി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 470 കോടി
സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ്
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള പദ്ധതികള്‍ക്കായി 68 കോടി രൂപ. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കും ഇരകള്‍ക്ക് സഹായവും പുനരധിവാസവും ഏര്‍പ്പെടുത്താനുള്ള പ്രത്യേക പദ്ധതിക്ക് 5 കോടി രൂപ. അടുത്ത ബജറ്റിനൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. കുടുംബശ്രീക്ക് 161 കോടി അധികമായി നീക്കിവെക്കും.