കൊച്ചി മെട്രോക്ക് സ്ഥലം വിട്ടു കൊടുത്ത കുടുംബത്തിന് ഇപ്പോള്‍ വീടുമില്ല; പണവുമില്ല
|മെട്രോ യാഥാർഥ്യമാകുമ്പോഴും ആരും തിരിഞ്ഞു നോക്കാനില്ലാതെ കൊച്ചി പേട്ട സ്വദേശി ഷാജന്‍ വർഷങ്ങളായി വാടക വീട്ടിൽ
കൊച്ചി മെട്രോക്ക് സ്ഥലം വിട്ടുകൊടുത്തിട്ട് പണം ലഭിക്കാതെ ഒരു കുടുംബം. വിട്ടുകൊടുത്ത വസ്തുവിലെ ആധാരത്തിലെ പിഴവ് ചൂണ്ടിക്കാട്ടി വില നിഷേധിച്ചിരുന്നു. പ്രശ്നം പരിഹരിച്ചിട്ടും വർഷങ്ങളായി കിടപ്പാടം നഷ്ടപെട്ട കൊച്ചി പേട്ട സ്വദേശി ഷാജന് പറഞ്ഞുറപ്പിച്ച വില മെട്രോ റെയിൽ വിഭാഗം നൽകിയിട്ടില്ല.
കൊച്ചിയുടെ ആധുനിക യാത്രാസൌകര്യത്തിന് കിടപ്പാടം വിട്ടുകൊടുത്ത കൂലിപ്പണിക്കാരനായ ഷാജൻ ഇന്ന് അടക്കാനാവാത്ത സങ്കടത്തിലാണ്. 2012ലാണ് കൊച്ചി മെട്രോക്ക് സ്ഥലം വിട്ടുകൊടുത്തത്. ഏറ്റെടുത്ത ഒന്നര സെന്റിന് 21 ലക്ഷം എന്ന് രേഖാമൂലം സമ്മതിച്ചു നൽകി. രേഖകൾ പരിശോധിച്ചപ്പോഴേക്കും സബ്ഡിവിഷൻ നമ്പറിൽ വ്യത്യാസമുണ്ടെന്നു കണ്ടെത്തി; നമ്പർ തിരുത്തി. അറുപത് വർഷമായി കരമടച്ച ഭൂമിയുടെ സർവേ നമ്പർ തെറ്റായിരുന്നുവെന്ന് പുതിയ കെണി. ഇതോടെ സർക്കാർ ഓഫീസുകളിലേക്കുള്ള യാത്ര ഇപ്പോഴും തുടരുന്നു.
വികസനത്തിന് വിട്ടുകൊടുത്ത ഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരത്തിൽ നിന്ന് ലഭിച്ച തുച്ഛമായ തുക രേഖകൾ ശരിയാക്കുന്നതിന് വിട്ടുകൊടുത്ത്
കാത്തിരിക്കുകയാണ് ഷാജൻ. മെട്രോയുടെ ആദ്യഘട്ടത്തിന് പച്ചക്കൊടി കിട്ടാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഭൂമി വിട്ടുകൊടുത്തവരുടെ ജീവിത ട്രാക്ക് പെരുവഴിയിലാണ്.