ആര്‍.ബാലകൃഷ്ണ പിള്ള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
|പിളളക്ക് എൽഡിഎഫ് സർക്കാറിന്റെ കാലത്തും സമാനപദവി ലഭിക്കുകയാണ്.
ആർ.ബാലകൃഷ്ണ പിളളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു. മന്ത്രിസഭയോഗത്തിന്റേതാണ് തീരുമാനം. കാബിനറ്റ് പദവിയോടെയാണ് പിളളയെ ചെയർമാനായി നിയമിച്ചത്.
യുഡിഎഫ് സർക്കാറിന്റെ കാലത്ത് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന ആർ.ബാലകൃഷ്ണ പിളളക്ക് എൽഡിഎഫ് സർക്കാറിന്റെ കാലത്തും സമാനപദവി ലഭിക്കുകയാണ്. മന്ത്രിസഭ യോഗമാണ് ബാലകൃഷ്ണ പിളളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ തീരുമാനിച്ചത്. കാബിനറ്റ് റാങ്ക് ഉൾപ്പടെയുളള ആനുകൂല്യങ്ങൾ നൽകിയാണ് നിയമനം.
കേരള കോൺഗ്രസ് ബിയെ എൽഡിഎഫിനൊപ്പം നിർത്താനുളള രാഷ്ട്രീയ തന്ത്രത്തിൻറ ഭാഗമായാണ് സർക്കാർ തീരുമാനമെന്നാണ് സൂചന. അതേ സമയം പിളളയെ ചെയർമാനാക്കാനുളള തീരുമാനം വിവാദമാകാനാണ് സാധ്യത. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സർക്കാറിൻറ ഭാഗമാക്കുന്നതിനെതിരെ മുന്നണിക്കുളളിൽ നിന്ന് തന്നെ എതിർപ്പുയർന്നേക്കും.
ഉമ്മൻ ചാണ്ടി സർക്കാർ ബാലകൃഷ്ണ പിളളയെ മുന്നോക്കവികസന കോർപ്പറേഷൻ ചെയർമാനാക്കിയതിനെതിരെ അന്ന് എൽഡിഎഫ് രംഗത്ത് വന്നിരുന്നു. പുതിയ സാഹചര്യത്തിൽ പ്രതിപക്ഷവും സർക്കാർ തീരുമാനം ആയുധമാക്കും. ബാർ കോഴക്കേസിൽ നിയമോപദേശം തേടിയതിന് ചെലവായ തുക അനുവദിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു. ഏഴു ലക്ഷം രൂപയാണ് അനുവദിക്കുക.