മോദിയുടെയും രാഹുലിന്റെയും കൊല്ലം സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായി ഡിജിപി
|സ്ഥിതിഗതികള്‍ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരിക്കും കൂടുതല്‍ ഉചിതമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനവുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി ......
പരവൂര്‍ വെടിക്കെട്ട് ദുരന്തം നടന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അപകട സ്ഥലം സന്ദര്‍ശിക്കുന്നതിനോടുള്ള എതിര്‍പ്പ് താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി ഡിജിപി സെന്‍കുമാര്‍. ദ ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. അപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൊലീസ് സേന മുഴുകിയിരിക്കുമ്പോള്‍ മോദിയുടെയും രാഹുലിന്റെയും സന്ദര്‍ശനം കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതായിരുന്നു. വിഐപി കളുടെ സുരക്ഷയും സംരക്ഷണവും കൂടി ഉറപ്പാക്കാനുള്ള അമിത ബാധ്യത ഇത് പൊലീസുകാര്‍ക്ക് സമ്മാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടം നടന്ന് 12 മണിക്കൂറിനകം പ്രധാനമന്ത്രി സ്ഥലത്തെത്തുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. അപകടം നടന്ന് ഒരു ദിവസത്തിനു ശേഷം പ്രധാനമന്ത്രി സ്ഥലത്തെത്തുന്നതാകും കൂടുതല്‍ ഉചിതമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റുമായി പൊലീസ് സേന രാവിലെ മുതല്‍ മുഴുകിയിരിക്കുകയായിരുന്നു. കൂടുതല്‍ ജോലി അവശേഷിച്ചിരിക്കെ സേനാംഗങ്ങള്‍ തീര്‍ത്തും അവശനിലയിലായിരുന്നു. കുടിവെള്ളം പോലും അവര്‍ക്ക് ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെയും രാഹുല്‍ ഗാന്ധിയുടെയും സന്ദര്‍ശനത്തോടെ അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള കര്‍ത്തവ്യം കൂടി നിക്ഷിപ്തമായത്.
താനും അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്നുവെന്നും രാവിലെ മുഴുവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്ന പൊലീസ് സേനക്ക് കൂടുതല്‍ ജോലി ചെയ്തു തീര്ക്കാനുണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. എസ്പിജിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസാരിച്ചത്. സ്ഥിതിഗതികള്‍ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരിക്കും കൂടുതല്‍ ഉചിതമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനവുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ പിന്നെ തങ്ങളില്‍ അര്‍പ്പിതമായ കര്തവ്യം വേണ്ട സുരക്ഷ ഒരുക്കല്‍ മാത്രമാണെന്നും ഡിജിപി പറഞ്ഞു.