കരട് ഹജ്ജ് നയത്തിനെതിരെ കേരളം
|പുതിയ ഹജ്ജ് കരട് നയം അതേപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു.
പുതിയ ഹജ്ജ് കരട് നയം അതേപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റാനുള്ള കരട് നയത്തിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ അസ്വീകാര്യമാണെന്ന് ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള കരട് ഹജ്ജ് നയത്തിലെ നാല് നിര്‍ദേശങ്ങളോടാണ് കേരളത്തിന്റെ എതിര്‍പ്പ്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്കുന്ന രീതി മാറ്റണമെന്ന നിര്‍ദേശം അനീതിയാണെന്ന് ഹജ്ജ് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ഹജ്ജ് ക്വാട്ടയുടെ ഇരുപത് ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നത് മുപ്പത് ആക്കി വര്‍ധിപ്പിക്കുന്നതിനെയും ഹജ്ജ് കമ്മിറ്റി എതിര്‍ക്കുകയാണ്.
ഹജ്ജ് ഹൌസ് അടക്കമുള്ള സൌകര്യങ്ങള്‍ കരിപ്പൂരിലായിരിക്കെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്ക് മാറ്റാനും കരട് നയം നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനും ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മെഹ്റം അടക്കമുള്ള കാര്യങ്ങളില്‍ ശരീഅത്തിന് വിരുദ്ധമായ നിര്‍ദേശങ്ങളാണ് കരടിലുള്ളതെന്നും ഹജ്ജ് കമ്മിറ്റി ചെയര്മാന് പറഞ്ഞു.