കാട്ടായിക്കോണത്ത് ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് നാട്ടുകാര്‍
|70 വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
തിരുവനന്തപുരം കാട്ടായിക്കോണത്ത് ക്വാറി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. ക്വാറിയില്‍ നിന്നുള്ള പാറകഷ്ണങ്ങള്‍ തെറിച്ച് സമീപം താമസിക്കുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ലൈസന്‍സില്ലാതെ പാറപൊട്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
70 വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. സമീപത്ത് താമസിക്കുന്നവരുടെ ജീവന് പോലും ആപത്തുണ്ടാകുന്ന രീതിയിലാണ് ക്വാറി പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ പറയുന്നു. പാറകഷ്ണങ്ങള്‍ തെറിച്ച് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പൊടി മൂലം ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവരും ഏറെയാണ്.
ദിവസവും നൂറുകണക്കിന് ലോഡുകളാണ് ഇവിടെ നിന്നും പോകുന്നത്. കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരു മാസമായി ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉത്തരവ് ലംഘിച്ച് പാറ പൊട്ടിക്കാന്‍ വന്ന തൊഴിലാളികളെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞു.
ഇരുപത്തഞ്ചോളം കരാറുകാരിലായി 400 തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒരു മാസമായി ഇവര്‍ ജോലി ഇല്ലാതെ കഴിയുകയാണെന്നും പാറപൊട്ടിക്കൽ നിർത്തിയാൽ തൊഴിലാളികൾ പട്ടിണിയിൽ ആകുമെന്നാണ് കരാറുകാരുടെ നിലപാട്. പ്രദേശവാസികൾക്ക് ഉണ്ടായ നഷ്ടം പരിഹരിച്ച് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ പാറ പൊട്ടിക്കാൻ അവസരം നൽകണമെന്നും കരാറുകാര്‍ ആവശ്യപ്പെടുന്നു.