ക്രിസ്മസ് വിപണി പിടിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; പൊതുവിപണിയെക്കാള്‍ 40 % വരെ വിലക്കുറവ്
|2013ന് ശേഷം ഇതാദ്യമായാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്ര വിപുലമായി വിപണികള്‍ ആരംഭിക്കുന്നത്
ക്രിസ്തുമസ് പുതുവര്‍ഷത്തോടനുബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡ് ഇത്തവണ സംസ്ഥാനത്ത് 2000 ചന്തകള്‍ ആരംഭിക്കും. 2013ന് ശേഷം ഇതാദ്യമായാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്ര വിപുലമായി വിപണികള്‍ ആരംഭിക്കുന്നത്. പുതുവര്‍ഷ ചന്ത കണ്‍സ്യൂമര്‍ഫെഡ് തുടങ്ങുന്നത് ഇതാദ്യമാണ്.
പ്രാഥമിക സഹകരണ സംഘങ്ങള്‍ വനിതാ സഹകരണ സംഘങ്ങള്‍ എസ് സി എസ്ടി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 1675 ക്രിസ്തുമസ് പുതുവത്സര ചന്തകളാണ് സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മൊബൈല്‍ ത്രിവേണികള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടും. സബ്സിഡി ഇനങ്ങളെ കൂടാതെ 16 ഇനം സബ്സിഡിയേതര സാധനങ്ങളും പൊതുവിപണിയേക്കാള്‍ 30 മുതല്‍ നാല്പത് ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും.
പ്രധാന ആകര്‍ഷണം ത്രിവേണി പ്ലം കേക്കും വിലക്കുറവില്‍ ലഭ്യമാകുന്ന ബിരിയാണി അരിയും .പൊതു വിപണിയില്‍ കിലോക്ക് 80 രൂപയുള്ള അരി 54 രൂപയ്ക്ക് ലഭിക്കും. പൊതുജനങ്ങളുടെ നിര്‍ദേശം കണക്കിലെടുത്ത് ഈ വര്‍ഷം സബ്സിഡി ഇനങ്ങള്‍ പൊതുമാര്‍ക്കറ്റ് വിലയേക്കാള്‍ കുറവില്‍ സബിസിഡിയില്ലാതെ വിതരണം ചെയ്യും.