എറണാകുളം മരടില്‍ നിലംനികത്തല്‍ വ്യാപകം
|വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെയാണ് ഭൂമാഫിയയുടെ ഇടപെടല്‍
എറണാകുളം മരട് വില്ലേജില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെയാണ് ഭൂമാഫിയയുടെ ഇടപെടല്‍. കായലിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് ഭൂമാഫിയയുടെ പിടിയിലായിരിക്കുന്നത്.
നാലേക്കറില്‍ അധികം വരുന്ന ഈ ഫ്ലാറ്റ് നിര്‍മാണ കമ്പനി വാങ്ങിക്കൂട്ടിയിട്ട് കാലം കുറേയായി. നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോയും നല്‍കി. എന്നാല്‍ നിലം വാങ്ങിക്കൂട്ടിയ ദേശായ് ഗ്രൂപ്പ് നിര്‍മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച് നികത്തല്‍ തുടരുകയാണ്. നെട്ടൂരില്‍ കായലിനോട് ചേര്‍ന്ന നാലേക്കര്‍ തണ്ണീര്‍ത്തടത്തിലൂടെയാണ് പാഴൂര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കടന്നുപോകുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ പോലും പാടില്ലാത്ത ഈ പൈപ്പുകള്‍ക്ക് മുകളില്‍ കെട്ടിട അവശിഷ്ടങ്ങളക്കം നിക്ഷേപിച്ച് പൂര്‍ണമായും നികത്തി കഴിഞ്ഞു.
പ്രദേശം കേന്ദ്രീകരിച്ച് വളന്തക്കാട് ദ്വീപിലേക്ക് പാലം വരാനുള്ള സാധ്യത കൂടി കണ്ടാണ് കായല്‍ തീരത്തെ തണ്ണീര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭൂമാഫിയയുടെ ഇടപെടല്‍. സമീപത്തുള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലം നികത്താനുള്ള നീക്കവും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന ജൈവവൈവിധ്യ മേഖലയിലെ നിലം നികത്തലിന് റവന്യൂ വകുപ്പിലെ ഉദ്യാഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.