ടി പി വധത്തിന് ഇന്ന് നാലാണ്ട്
|കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം യുപിഎ ഗവണ്മെന്റ് അട്ടിമറിച്ചെന്ന് കെ കെ രമ
രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഇന്ന് നാലാണ്ട് തികയുന്നു. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ടി പി ചന്ദ്രശേഖരന് വധം. ടി പി വധ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം യുപിഎ ഗവണ്മെന്റ് അട്ടിമറിച്ചെന്ന് കെ കെ രമ പറഞ്ഞു.
2012 മെയ് നാലിന് രാത്രി വടകര വള്ളിക്കാട്ട് വെച്ചാണ് ടി പി ചന്ദ്രശേഖരന് കൊല്ലപ്പെടുന്നത്. ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 75 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 12 പേരെ കോടതി ശിക്ഷിച്ചു. കൊലയാളി സംഘത്തിലെ ഏഴുപേരും ഗൂഢാലോചന കുറ്റത്തിന് മൂന്ന് സിപിഎം നേതാക്കളും ജയിലിലാണ്.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ഭാര്യ കെ കെ രമയുടെ ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭാഗത്തു നിന്ന് ഇടപെടല്‍ ഉണ്ടായെന്ന് കെ കെ രമ മീഡിയവണിനോട് പറഞ്ഞു. പറ്റുമായിരുന്നിട്ടും ഈ വിഷയത്തില്‍ യുഡിഎഫ് ഗവണ്മെന്റ് തീരുമാനമെടുത്തില്ലെന്നും അവര്‍ പറഞ്ഞു.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം കേരളത്തില്‍ അങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അക്രമ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതണമെന്ന ആവശ്യവുമായി കെ കെ രമയും മത്സരരംഗത്തുണ്ട്.