ഓണ്‍ലൈന്‍ ടാക്സികള്‍ക്കൊരു തദ്ദേശീയ ബദലുമായി വീട്ടമ്മ
|പത്തനംതിട്ടയുടെ മലയോര ഗ്രാമാന്തരീക്ഷത്തിലും ഓണ്‍ലൈന്‍ ടാക്സി സേവനത്തിന് സാധ്യതകളുണ്ടെന്ന് തെളിയിക്കുകയാണ് ഈ സംരംഭക
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സമ്പൂര്‍ണ തദ്ദേശീയ ബദല്‍ സൃഷ്ടിക്കുകയാണ് പത്തനംതിട്ട കോന്നി സ്വദേശി സ്നേഹ റേച്ചല്‍ സാം എന്ന വീട്ടമ്മ. പത്തനംതിട്ടയുടെ മലയോര ഗ്രാമാന്തരീക്ഷത്തിലും ഓണ്‍ലൈന്‍ ടാക്സി സേവനത്തിന് സാധ്യതകളുണ്ടെന്ന് തെളിയിക്കുകയാണ് ഈ സംരംഭക.
മറുനാട്ടില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജീനിയറായി ജോലി നോക്കിയിരുന്ന സ്നേഹ റേച്ചല്‍ സ്വദേശത്ത് മടങ്ങിയെത്തിയത് പുതിയ ഒരു ബിസിനസ് ആശവുമായാണ്. ഊബര്‍, ഒല മുതലായ വമ്പന്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ മാതൃകയില്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്തമാകുന്ന ഒരു ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്. ആശയത്തിന് മുതലിറക്കാന്‍ ബന്ധുക്കളായ രണ്ട് പേര്‍ കൂടി എത്തിയതോടെ സ്നേഹയുടെ സിറ്റികാബ്സ് എന്ന സ്ഥാപനം യാഥാര്‍ഥ്യമായി.
കിലോമീറ്റര്‍ നിരക്കിന് വ്യത്യസ്തമായി മണിക്കൂറിന് 149 രൂപയാണ് സ്നേഹയുടെ സ്ഥാപനത്തിന്റെ വാഗ്ദാനം. കാറുകള്‍ക്ക് പുറമെ ചെറുതും വലുതുമായ ബസ്സുകളും അടക്കം നൂറോളം വാഹനങ്ങള്‍ നിലവില്‍ ശൃംഖലയിലുണ്ട്. മൊബൈല്‍ ആപ്പ് വഴിയോ ടെലഫോണ്‍ ഉപയോഗിച്ചോ സേവനം തേടാം.