Kerala
ഇടവപ്പാതിക്ക് മുമ്പ് ഇടമഴയെത്തിയില്ല: കര്‍ഷകര്‍ ആശങ്കയില്‍ഇടവപ്പാതിക്ക് മുമ്പ് ഇടമഴയെത്തിയില്ല: കര്‍ഷകര്‍ ആശങ്കയില്‍
Kerala

ഇടവപ്പാതിക്ക് മുമ്പ് ഇടമഴയെത്തിയില്ല: കര്‍ഷകര്‍ ആശങ്കയില്‍

admin
|
8 May 2018 10:30 PM GMT

വേനല്‍ മഴയുടെ കുറവ് സംസ്ഥാനത്തെ ഒന്നാം വിള നെല്‍കൃഷിയുടെ ആദ്യ ഘട്ടത്തെ ബാധിച്ചു

വേനല്‍ മഴയുടെ കുറവ് സംസ്ഥാനത്തെ ഒന്നാം വിള നെല്‍കൃഷിയുടെ ആദ്യ ഘട്ടത്തെ ബാധിച്ചു. ഇടമഴ ലഭിക്കാത്തതിനാല്‍ ഇത്തവണ പൊടിവിതയും ഞാറു നടലും വൈകിയാണ് തുടങ്ങിയത്. പാലക്കാട് ജില്ലയില്‍ ഒന്നാം വിള വൈകിയത് ഉല്‍പാദനത്തെയും ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍

മെയ് മാസം പെയ്യുന്ന വേനല്‍ മഴയായിരുന്നു ഒന്നാം വിളകൃഷിക്ക് പാടത്തെ സജ്ജമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി പലയിടത്തും മഴ പെയ്തേയില്ല. കൃഷി രീതികളായ പൊടിവിതയെയും ഞാറു പാകലിനെയും ഇത് കാര്യമായി ബാധിച്ചു. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടെങ്കിലെ പൊടിവിതക്ക് സംവിധാനമൊരുക്കാനാകൂ.

മെയ് മധ്യത്തോടെയെങ്കിലും നടത്തേണ്ട പൊടിവിത ഇടമഴ ഇല്ലാത്തതിനാല്‍ ഇപ്പോഴാണ് നടക്കുന്നത്. അതും ആവശ്യത്തിന് നനവില്ലാത്ത മണ്ണില്‍.
ഞാറു പാകുന്ന കൃഷി രീതിയും സമയത്തിന് തുടങ്ങാനായില്ല. ഇനി ഞാറു പറിച്ചു നടണമെങ്കില്‍ ജൂണ്‍ മൂന്നാം വാരമെങ്കിലും ആകും. ഇടവപ്പാതിയിലും വ്യാത്യാസം വന്നാല്‍ അതും കര്‍ഷകര്‍ക്ക് ഇരുട്ടടിയാകും.

പതിവു തെറ്റിച്ച് ഇത്തവണ പലയിടത്തും കനാല്‍ വെള്ളവും എത്തിയില്ല. ഒന്നാം വിള തുടങ്ങാന്‍ വൈകിയത് ഉല്‍പാദനത്തെയും ബാധിച്ചേക്കുമെന്നാണ് ആശങ്ക. വിളവെടുക്കാനുള്ള സമയവും നീളും.

Related Tags :
Similar Posts