പട്ടികജാതി കമ്മീഷന്‍ അഞ്ജനയുടെ മൊഴിയെടുത്തു
|ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അഞ്ജനയില്‍ നിന്ന് പട്ടികജാതി കമ്മീഷന്‍ മൊഴിയെടുത്തു
സംസ്ഥാന പട്ടികജാതി കമ്മീഷന്‍ തലശ്ശേരിയില്‍ ആത്മഹത്യക്ക് ശ്രമിച്ച അഞ്ജനയുടെ മൊഴിയെടുത്തു. സിപിഎമ്മിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ജയിലില്‍ പോവേണ്ടി വന്നതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഞ്ജന മൊഴി നല്‍കിയതായി സംസ്ഥാന പട്ടികജാതി കമ്മീഷന്‍ ജസ്റ്റിസ് പിഎന്‍ വിജയകുമാര്‍ പറഞ്ഞു.
തലശേരി സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പട്ടികജാതി കമ്മീഷന്‍ അഞ്ജനയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. ജയില്‍മോചിതയായി തിരിച്ചെത്തിയ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണങ്ങള്‍ കമ്മീഷന്‍ നേരിട്ട് ചോദിച്ചറിഞ്ഞു. സ്ഥലം എംഎല്‍എ എ എന്‍ ഷംസീറും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡിവൈഎഫ്ഐ നേതാവുമായ പി പി ദിവ്യയും ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതിനുള്ള കാരണമെന്ന് അഞ്ജന ഇന്നലെ സംസ്ഥാന വനിതാ കമ്മീഷന് മൊഴി നല്‍കിയിരുന്നു. അഞ്ജനയുടെ സഹോദരി അഖില, പിതാവ് രാജന്‍ എന്നിവരോടും ഇന്ന് തെളിവെടുപ്പിന് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പട്ടികജാതി കമ്മീഷനും അഞ്ജനയില്‍ നിന്ന് മൊഴിയെടുക്കും.
ഇതിനിടയില്‍ തലശേരി സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കണ്ണൂരില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപി ഉപവാസം ഉദ്ഘാടനം ചെയ്യും.