രാഹുല്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്നും തുടരും
|കെപിസിസി സെക്രട്ടറിമാര്‍, പോഷക സംഘടനാ നേതാക്കള്‍, വനിതാ പ്രതിനിധികള്‍ എന്നിവരുമായാണ് രാഹുല്‍ ഇന്ന് ചര്‍ച്ച നടത്തുക
കേരളത്തിലെ സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ഇന്നും തുടരും. കെപിസിസി സെക്രട്ടറിമാര്‍, പോഷക സംഘടനാ നേതാക്കള്‍, വനിതാ പ്രതിനിധികള്‍ എന്നിവരുമായാണ് രാഹുല്‍ ഇന്ന് ചര്‍ച്ച നടത്തുക. പാര്‍ട്ടിയില്‍ കൂടുതല്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് ചര്‍ച്ചകളില്‍ ആവശ്യമുയരും.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെ സദസ്സിലിരുത്തി സംസ്ഥാന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയക്കളിയെ ശക്തമായ ഭാഷയില്‍ രാഹുല്‍ ഗാന്ധി ഇന്നലെ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്ന് കരുതുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം എന്ന സന്ദേശമാണ് രാഹുല്‍ നല്‍കിയത്. കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വ്യക്തിക്കെതിരെ ആക്ഷേപം ഉന്നയിച്ച് ആരും സംസാരിക്കേണ്ടെന്നും രാഹുല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെപിസിസി നേതൃമാറ്റം അടക്കം പാര്‍ട്ടിയില്‍ അടിമുടി പുനസംഘടന വേണമെന്ന ആവശ്യം ഇന്നത്തെ യോഗത്തില്‍ നേതാക്കള്‍ ഉയര്‍ത്താനിടയില്ല. പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വി എം സുധീരന്‍ തുടരുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെടാനിടയുണ്ട്. ഇന്നലത്തെ ചര്‍ച്ചയില്‍ ചില നേതാക്കള്‍ ഈ അഭിപ്രായം രാഹുലിനെ അറിയിച്ചിരുന്നു.
ബൂത്ത് തലം മുതല്‍ ഡിഡിസി വരെ ജംബോ കമ്മിറ്റികള്‍ അഴിച്ച് പണിയണമെന്ന ആവശ്യം പോഷകസംഘടനാ നേതാക്കള്‍ ശക്തമായി ഉന്നയിക്കും. ഡിസിസികളില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച് തുടരുന്ന മുതിര്‍ന്ന നേതക്കളെ മാറ്റി കൂടുതല്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രതിനിധ്യം നല്‍കണണമെന്ന ആവശ്യവും ഇന്നത്തെ ചര്‍ച്ചകളില്‍ ഉയരും.