എടിഎം തട്ടിപ്പിന് പിന്നില്‍ നാലാമനും
|പൊലീസ് പിടിയിലായ ഗബ്രിയേലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി കേരളത്തിലെത്തിക്കും
തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിന് പിന്നില്‍ നാലാമനും. തട്ടിപ്പില്‍ പങ്കാളിയായ റൊമേനിയക്കാരന് ഇയോൺ സ്ലോറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. കൂടുതല്‍ പേരുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു.
മുംബൈ പൊലീസ് പിടികൂടിയ ഗബ്രിയേല്‍ മരിയന്‍ ഇലിയെ കൂടാതെ മറ്റ് രണ്ട് പേരെയാണ് എടിഎം തട്ടിപ്പ് കേസില്‍ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിരുന്നത്. ക്രിസ്റ്റിന് വിക്ടര്‍ കോൺസ്റ്റന്റൈന്, ബോഗ്ഡീന് ഫ്ലോറിയന്‍ ഫ്ലോറിക് എന്നിവരായിരുന്നു മറ്റ് രണ്ട് പേര്. എന്നാല്‍ തട്ടിപ്പില്‍ നാലാമതൊരാള്‍ കൂടി പങ്കാളിയായതായി പൊലീസിന് വിവരം ലഭിച്ചു. ഇയോൺ സ്ലോറിനെയാണ് പൊലീസ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. നാല് പേരും റൊമേനിയക്കാരാണ്. കൂടുതല്‍ പേര് തട്ടിപ്പില്‍ പങ്കാളികളായിട്ടുണ്ടോയെന്ന കാര്യമാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.
പൊലീസ് പിടിയിലായ ഗബ്രിയേലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി കേരളത്തിലെത്തിക്കും. മുംബൈയിലെത്തിയ അന്വേഷണ സംഘത്തിലെ അഞ്ച് പേര് ഗബ്രിയേലിനെ നാളെ കേരളത്തിലെത്തുക്കും. കുറ്റക്കാരെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് പേരും ഇന്ത്യ വിട്ടതായാണ് സൂചന. എടിഎം കൌണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍, തിരുവനന്തപുരത്ത് ഇവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ പൊലീസിന് സഹായകരമായത്
പൊലീസും മുംബൈ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഗബ്രിയേല്‍ മരിയന്‍ ഇലി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മുംബൈയിലെത്തിയ കേരളാ പൊലീസ് ഇയാളെ കേരളത്തിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുസംഘത്തിലെ മറ്റുരണ്ടുപേരും ഉടന്‍ വലയിലാകുമെന്നാണ് സൂചന. പണം തട്ടിയവരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവരുമ്പോഴും തട്ടിപ്പ് സംഘം സജീവമായിരുന്നു.
പണം നഷ്ടമായെന്ന പരാതിയുമായി നിരവധി പേര് ഇന്നലെയും രംഗത്തെത്തി. 1,95,100 രൂപയാണ് ഇന്നലെ പലര്‍ക്കായി നഷ്ടമായത്. മുംബൈയില്‍ നിന്ന് വൈകുന്നേരം പണം പിന്‍വലിച്ചതായാണ് ഇവര്‍ക്ക് മൊബൈലിലേക്ക് സന്ദേശം ലഭിച്ചത്. ഇന്നലെ പണം പിന്‍വലിച്ച് മടങ്ങിയതിനു പിന്നാലെയാണ് ഗബ്രിയേല്‍ മരിയന്‍ ഇലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്ക്കൊപ്പമുളള ക്രിസ്റ്റിന് വിക്ടര്‍ കോണ്സ്റ്റാന്റിന്, ബൊഗ്ഡീന് ഫ്ളോറിയന്‍ ഫ്ലോറിക് എന്നിവരും മുംബൈയില്‍ തന്നെയുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.