Kerala
മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവിന് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് സൂചനമെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവിന് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് സൂചന
Kerala

മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവിന് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് സൂചന

admin
|
9 May 2018 12:05 PM GMT

ഔട്ട് ഓഫ് അജണ്ടയായി വിഷയം മന്ത്രിസഭയില്‍ ഉന്നയിച്ചത് ആഭ്യന്തരമന്ത്രിയാണ്.

മെത്രാന്‍ കായല്‍ നികത്താനുള്ള വിവാദ ഉത്തരവിന് പിന്നില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെന്ന് സൂചന. ഔട്ട് ഓഫ് അജണ്ടയായി വിഷയം മന്ത്രിസഭയില്‍ ഉന്നയിച്ചത് ആഭ്യന്തരമന്ത്രിയാണ്. നിയമവിരുദ്ധമായതിനാല്‍ നടപ്പാക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തു. ആഭ്യന്തരമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മില്‍ വാക്പോരുണ്ടായി. ആഭ്യന്തമന്ത്രിയുടെ നിര്‍ബന്ധത്തിനൊടുവിലാണ് വിവാദ ഉത്തരവിട്ടതെന്നാണ് സൂചന. മന്ത്രി ആര്യാടന്‍ മുഹമ്മദ് എതിര്‍പ്പ് പ്രകടിപ്പിച്ചു.

മെത്രാന്‍ കായലും കടമക്കുടിയും നികത്തുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭയുടെ പരിഗണനയില്‍ വന്നത് ഔട്ട് ഓഫ് അജണ്ടയാണെന്ന് വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ റവന്യുവകുപ്പിന്‍റെ പരിധിയിലുള്ള വിഷയം ഉന്നയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, പരിസ്ഥിത നിയമം ഉള്‍പ്പെടെയുള്ളവയുടെ ലംഘനമായതിനാല്‍ അംഗീകാരം നല്‍കുന്നത് ശരിയല്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്. ഇത് ആഭ്യന്തരമന്ത്രിയും ചീഫ് സെക്രട്ടറിയുമായുള്ള തര്‍ക്കത്തിലെത്തി. താന്‍ അവധിയെടുക്കുമെന്നുപോലും ചീഫ് സെക്രട്ടറി പറഞ്ഞു. കടുംവെട്ടാകില്ലേയെന്ന അഭിപ്രായമായമാണ് മുതിര്‍ന്ന മന്ത്രിയായ ആര്യാടന്‍ മുഹമ്മദ് പ്രകടിപ്പിച്ചത്.

ആഭ്യന്തമന്ത്രിയുടെ നിര്‍ബന്ധത്തിനൊടുവില്‍ മന്ത്രിസഭ തീരുമാനത്തിലേക്ക് പോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന മന്ത്രിസഭായോഗം തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഉത്തരവ് അഞ്ച് വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന്

മെത്രാന്‍ കായല്‍ നികത്താനുള്ള നീക്കത്തില്‍ അഞ്ച് വകുപ്പുകള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തദേശ സ്വയംഭരണം, കൃഷി, പരിസ്ഥിതി, മത്സ്യബന്ധനം, വ്യവസായം എന്നീ വകുപ്പുകളാണ് തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയത്.

2007 മുതല്‍ തന്നെ റക്കിന്‍ഡോ ഡെവലപേഴ്സ് കമ്പനി ടൂറിസം പദ്ധതിക്കായി മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി തേടിയിരുന്നു. ഇതു സംബന്ധിച്ച് നിയമസഭാ പരിസ്ഥിതി സമിതി വിവിധ വകുപ്പുകളുടെ നിലപാട് തേടുകയും 2014 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിലാണ് വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയത്. 2008 ലെ നെല്‍വയല്‍ സംരക്ഷണ നിയമം മുന്‍നിര്‍ത്തിയായിരുന്നു വകുപ്പുകളുടെ എതിര്‍പ്പുകള്‍. കായല്‍ മണ്ണിട്ടു നികേത്തിണ്ടവരുന്നതിനാലും ഡ്രഡ്ജിങ് വേണ്ടിവരുന്നതിനാലും പദ്ധതിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് തദേശ സ്വയംഭരണ വകുപ്പ് നിലപാടെടുത്തത്. കുട്ടനാടന്‍ മേഖലയിലെ മത്സ്യത്തിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രദേശത്തിന്‍റെ ഭക്ഷ്യസുരക്ഷക്ക് കോട്ടം തട്ടുമെന്നും മത്സ്യബന്ധന വകുപ്പ് വിലയിരുത്തി.

മെത്രാന്‍കായല്‍ നെല്‍വയലും തണ്ണീര്‍ത്തടവുമാണ്. ഇതു നികത്തല്‍ കേന്ദ്ര പരിസ്ഥിതി നിയമത്തിന്‍റെ ലംഘനമാകുമെന്നും പരിസ്ഥിതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്ന നിലപാടാണ് വ്യവസായ വകുപ്പും കൈക്കൊണ്ടത്. റക്കിന്‍ഡോ കമ്പനി സ്ഥലം കൈവശം വച്ചിരിക്കുന്നതിനാലാണ് കൃഷി നടക്കാത്തതെന്നും സ്ഥലം ലഭിക്കുകയാണെങ്കില്‍ കൃഷി ചെയ്യാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതായും കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ വകുപ്പുകളുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണ് റവന്യുവകുപ്പ് വിവാദ ഉത്തരവ് പുറത്തിറക്കിയത്.

Similar Posts