ബാബുറാമിനെയും കെ ബാബുവിന്റെ ഡ്രൈവര്‍മാരെയും വിജിലന്‍സ് ചോദ്യം ചെയ്തു
|ഭൂമി ഇടപാടുകളുടെ സാമ്പത്തിക സ്രോതസ് അറിയുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കുന്ന ബാബുറാമിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇയാള്‍ നടത്തിയ ഭൂമി ഇടപാടുകളുടെ സാമ്പത്തിക സ്രോതസ് അറിയുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍. മന്ത്രിയായിരുന്നപ്പോള്‍ ബാബുവിനൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍മാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.
വിജിലന്‍സിന്റെ കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ബാബുറാമിനെ ചോദ്യം ചെയ്തത്. നേരത്തെ നടത്തിയ റൈഡില്‍ ഭൂമി ഇടപാട് നടത്തിയതിന്റെ രേഖകള്‍ ബാബു റാമില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ബാബുറാമിനോട് വിജിലന്‍സ് ചോദിച്ചത്. ഭൂമി ഇടപാടുകള്‍ നടത്താന്‍ പണം ലഭിച്ചത് എവിടെ നിന്നാണെന്നും കെ ബാബുവിന് ഇതില്‍ പങ്കുണ്ടോയെന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ആയതിനാല്‍ സാമ്പത്തിക സ്രോതസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും ബാബുറാമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റൈഡില്‍ 40 ആധാരങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും വിജിലന്‍സ് ചോദിച്ചു. അതേസമയം ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബാബുറാം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. റൈഡ് നടന്ന ദിവസം നികുതി അടയ്ക്കുന്നതിന്റെ രേഖകളുമായി ഇയാള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുമായി ഈ രേഖകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കെ ബാബു മന്ത്രിയായിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന 4 ഡ്രൈവര്‍മാരെയും വിജിന്‍സ് ചോദ്യം ചെയ്തു.