ആറന്മുളയിലെ ജലസ്രോതസുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയില്ല
|ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം നിലച്ചിട്ട് മാസങ്ങളായിട്ടും മണ്ണെടുപ്പ് പുനരാരംഭിക്കാന്‍ നടപടിയില്ല
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം നിലച്ചിട്ട് മാസങ്ങളായിട്ടും മണ്ണെടുപ്പ് പുനരാരംഭിക്കാന്‍ നടപടിയില്ല. വിമാനത്താവള പദ്ധതിക്കായി നികത്തിയ വലിയതോടും നീര്‍ച്ചാലുകളും ഹൈക്കോടതി ഉത്തരവ് പ്രകാരം പുനസ്ഥാപിക്കുന്ന പണികളാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്.
കോടതി ഉത്തരവിറങ്ങിയിട്ട് രണ്ട് വര്‍ഷമായിട്ടും ജലസ്രോതസ്സുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്ന നടപടികള്‍ പാതിവഴിയില്‍ തടസ്സപ്പെട്ട് കിടക്കുകയാണ്. വിമാനത്താവള പദ്ധതിപ്രദേശത്തെ മുന്‍ ഭൂവുടമ എബ്രഹാം കലമണ്ണിലുമായി ജില്ലാഭരണകൂടം തോട് പുനസ്ഥാപിക്കാനായി നേരത്തെ കരാറിലെത്തിയിരുന്നു. എന്നാല്‍ എബ്രഹാം കലമണ്ണില്‍ രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിട്ട് മാസങ്ങളായിട്ടും നടപടി സ്വീകരിക്കേണ്ട ജില്ലാ ഭരണകൂടം കത്തയച്ച് കാത്തിരിക്കുകയാണ്. ഇതിന് മറുപടി നല്‍കാന്‍ പോലും എബ്രഹാം കലമണ്ണില്‍ തയ്യാറായിട്ടില്ല.
ഇനി മണ്ണ് നീക്കി നീരൊഴുക്ക് പുനസ്ഥാപിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലാണ് വേണ്ടതെന്നാണ് ജില്ലാ കലക്ടറുടെ നിലപാട്. നീരൊഴുക്ക് പുനസ്ഥാപിക്കാതെ വന്നാല്‍ നവംബര്‍ ഒന്നിന് തന്നെ ആറന്മുള പുഞ്ചയിലെ 56 ഹെക്ടര്‍ നിലത്ത് കൃഷിയിറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പ്രതിസന്ധിയിലാകും.