ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ സിപിഎം
|പദ്ധതിയില്‍ കൊച്ചി കോര്‍പറേഷന്റെ നടത്തുന്ന നീക്കങ്ങള്‍ ദുരൂഹമാണെന്ന് ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു....
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സി.പി.എം എറണാകുളം ജില്ല കമ്മിറ്റി. പ്ലാന്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് ജില്ല കമ്മിറ്റിയുടെ ഇടപെടല്‍. പദ്ധതിയില്‍ കൊച്ചി കോര്‍പറേഷന്റെ നടത്തുന്ന നീക്കങ്ങള്‍ ദുരൂഹമാണെന്ന് ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു. ജില്ല സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചത്. മാലിന്യ സംസ്ക്കരണത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു പ്ലാന്റ് സ്ഥാപിക്കാനാണ് കൊച്ചി കോര്പറേഷന് തീരുമാനിച്ചത്. എന്നാല്‍ പുതിയ പ്ലാന്റിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ കോര്പറേഷന് രഹസ്യമായി സൂക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം പ്ലാന്റ് സന്ദര്‍ശിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് പി. രാജീവ് ആവശ്യപ്പെട്ടു. പുതിയ പ്ലാന്റിന്റെ കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കോര്പറേഷന് കഴിയണമെന്നും പി.രാജീവ് പറഞ്ഞു. എന്തായാലും ബ്രഹ്മപുരത്തെ പുതിയ പ്ലാന്റ് നിര്‍മ്മാണം കോര്പ്പറേഷന് കൗണ്‍സിലില്‍ വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് പ്ലാന്റ് സന്ദര്‍ശനത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.