ദലിത് യുവാക്കള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതില്‍ വ്യാപക പ്രതിഷേധം
|സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ ഘടകം രംഗത്തെത്തി.
കൊല്ലത്ത് ദലിത് യുവാക്കള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതില്‍ വ്യാപക പ്രതിഷേധം. ഇവരെ മര്‍ദ്ദിച്ച എസ്ഐ പരാതിക്കാരന്‍റെ അടുത്ത സുഹൃത്താണെന്നും ആരോപണമുയരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ ഘടകം രംഗത്തെത്തി.
ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിയാണ് രാജീവന്. ഞായറാഴ്ച്ച രാത്രി ഹോട്ടലിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നുമാണ് രാജീവനെ കൊണ്ടുപോയത്. തുടര്‍ന്ന് സംഘം ഷിബുവിന്റെ മങ്ങാടുളള വീട്ടിലെത്തി. ഇരുവരേയുമായി നേരെ വെസ്റ്റ് സ്‌റ്റേഷനിലേക്ക്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഷിബുവിനെയും രാജീവിനെയും പറ്റി യാതൊരു വിവരവും ലഭിക്കാതായതോടെയാണ് ബന്ധുക്കള്‍ അഞ്ചാലുംമൂട് സ്‌റ്റേഷനിലെത്തിയത്. ഇവരെ അപമാനിച്ച് വിടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പരാതി നല്‍കിയ കോണ്‍ട്രാക്ടര്‍ അഞ്ചാലുംമൂട് എസ്‌ഐയുടെ അടുത്ത സുഹൃത്താണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിപിഐ കൊല്ലം ജില്ല കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. ദലിത് യുവാക്കള്‍ക്കെതിരെ മൂന്നാംമുറ സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ദലിത് യുവാക്കളെ കേസില്‍ കൂട്ട് പ്രതികളാക്കി തലയൂരാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.