സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല
|സര്‍വ്വകക്ഷി സംഘത്തിന്റെ ഡല്‍ഹി യാത്ര റദ്ദാക്കി. കേരളത്തിന്റെ വികാരം പ്രധാനമന്ത്രി ഉള്‍കൊണ്ടില്ലെന്നും ഹിറ്റ്ലറെയും മുസോളിനിയെയും പിന്തുടരുന്നവരില് നിന്നും ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനുള്ള സര്‍വ്വകക്ഷി സംഘത്തിന്റെ ഡല്‍ഹി യാത്ര റദ്ദാക്കി. പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി സര്‍വ്വകക്ഷി സംഘത്തിന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളത്തോടുള്ള അവഗണനയാണിത്. കേരളത്തിന്റെ വികാരം പ്രധാനമന്ത്രി ഉള്കൊണ്ടില്ല. സര്‍വ്വകക്ഷി സംഘത്തിന് സമയം അനുവദിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് അറിയിച്ചത്. കേരളത്തിന്റെ പ്രതിഷേധ സൂചകമായാണ് സര്‍വ്വകക്ഷി സംഘം യാത്ര വേണ്ടെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ തയ്യാറാക്കിയ നിവേദനം റസിഡന്റ് കമ്മീഷണര്‍ മുഖേന പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിക്കും. ധനമന്ത്രിയെ കാണാന്‍ മാത്രമായി സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലേക്ക് പോകുന്നില്ല.ഹിറ്റ്ലറെയും മുസോളിനിയെയും പിന്തുടരുന്നവരില് നിന്നും ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദിയുടെ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തോട് ചെയ്യുന്ന ഏറ്റവും വലിയ അവഹേളനമാണ്. ഏറ്റവും വലിയ ഏകാധിപതി താനാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് മോദിയെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി കേരളത്തെ അവഹേളിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ബിജെപി സംസ്ഥാനഘടകം ഇടങ്കോലിട്ടതിന് പ്രധാനമന്ത്രി വഴങ്ങുന്നത് പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്ത നടപടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങള്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. മോദി തനി ആര്.എസ്.എസ്സുകാരനായി മാറി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അദ്ദേഹം ഒട്ടകപ്പക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്തിവെച്ച് യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഓടി ഒളിക്കുകയാണെന്നും വിഎസ് കുറ്റപ്പെടുത്തി.