ജിഷ്ണുവിന്‍റെ മരണം; കോളജിനെതിരെ കേസെടുക്കാന്‍ വൈകുന്നതായി ആക്ഷേപം
|മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അസ്വഭാവിക മരണമെന്ന എഫ്ഐആര്‍ തിരുത്തിയില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കോളജിനെതിരെ കേസെടുക്കുന്നതടക്കമുള്ള നടപടി വൈകുന്നതായി ആക്ഷേപം. മാനസിക പീഡനം മൂലമാണ് മരണമെന്ന് പരാതികള്‍ ലഭിച്ചിട്ടും അസ്വഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പഴയന്നൂര്‍ പൊലീസ് അന്ന് തയ്യാറാക്കിയ എഫ്ഐആര്‍ പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോപ്പിയടിച്ച് പിടിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. ഇതിനു പിന്നാലെ ഈ ആരോപണവുമായി സഹപാഠികളും രംഗത്തെത്തി. എന്നാല്‍ മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അസ്വഭാവിക മരണമെന്ന എഫ്ഐആര്‍ തിരുത്തിയില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കോളജിനെതിരെ കേസെടുക്കാനോ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനോ കഴിയാത്തതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ജിഷ്ണുവിന്‍റെ മൂക്കിലെ മുറിവിനെ കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ലാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ മരണം അന്വേഷിക്കുന്ന പുതിയ സംഘം അന്വേഷണം തുടങ്ങി രണ്ട് ദിവസം പിന്നിട്ടതേയുള്ളൂ. പീഡനമെന്ന പരാതിയില്‍ തെളിവുകള്‍ ശേഖരിച്ച് വരുന്നതേ ഉള്ളൂ എന്നും പൊലീസ് പറഞ്ഞു. കോളജ് അടച്ചിട്ടതാണ് അന്വേഷണത്തില്‍ കാല താമസം വരുത്തുന്നത്. പ്രേരണാകുറ്റവും മാനസിക പീഡനവും അടക്കമുള്ള വകുപ്പുകള്‍ കൂട്ടി ചേര്‍ക്കാനാകുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.