ഒന്നുമാവാതെ കഴിഞ്ഞ ബജറ്റിലെ പദ്ധതി; പുതിയ പ്രതീക്ഷകളുമായി കശുവണ്ടി തൊഴിലാളികള്‍
|കശുവണ്ടി വ്യവസായത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രാദേശിക കശുമാവ് കൃഷി പദ്ധതി ഇതുവരെയും തുടങ്ങിയില്ല. അഞ്ച് കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചിരുന്നത്.
തോട്ടണ്ടിയുടെ ലഭ്യതകുറവ് മൂലം പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രാദേശിക കശുമാവ് കൃഷി പദ്ധതി ഇതുവരെയും തുടങ്ങിയില്ല. അഞ്ച് കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചിരുന്നത്. അതേയസമയം ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോര്‍പ്പറേഷനും കാപ്പെക്സിനും പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങള്‍ നടപ്പിലായി. 80 കോടി രൂപയാണ് കാഷ്യൂ കോര്പ്പറേഷന് ലഭിച്ചത്. വരുന്ന ബജറ്റില്‍ കശുവണ്ടി മേഖലക്കായി പ്രത്യേക പാക്കേജുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. കശുവണ്ടി മേഖല പുതിയ ഉണര്‍വിലാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പ്രാദേശിക കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആവശ്യമായ തോട്ടണ്ടി ഉല്പാദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക കശുമാവ് കൃഷി എന്ന പദ്ധതി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 5 കോടി രൂപയും വകയിരുത്തി. എന്നാല്‍ ഇതുവരെയും ഈ പദ്ധതിക്കാവശ്യമായ മാര്‍ഗ്ഗരേഖകള്‍പോലും തയ്യാറാക്കിയിട്ടില്ല. കൂടാതെ തൊഴിലാളികള്‍ക്കുള്ള ഗ്രാററുവിററി കൊടുത്ത് തീര്‍ക്കും, വര്‍ഷത്തില്‍ 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കും, പത്ത് ഫാക്ടറികള്‍ ആധുനികവത്കരിക്കും തുടങ്ങിയ ബജറ്റിലെ പ്രഖ്യാപനങ്ങളും നടപ്പായില്ല.
അടഞ്ഞ് കിടക്കുന്ന ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള സഹായം, നിലവിലുള്ളവയുടെ ആധുനിക വത്കരണം, തൊഴിലാളി ക്ഷേമം, കശുമാവ് കൃഷിക്കാവശ്യമായ ബൃഹത്പദ്ധതികള്‍ എന്നിവ വരും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.